വാഷിംഗ്ടണ്‍:മെല്റ്റ് വാട്ടര്‍ ചെസ് പര്യടനത്തിന്റെ ഭാഗമായുള്ള എയിം ചെസില്‍ സെമിഫൈനലില്‍ മാഗ്നസ് കാള്‍സനെ കെട്ടുകെട്ടിച്ച് ജാന്‍ ക്രിസ്റ്റഫ് ഡുഡ. പിന്നീട് ഫൈനലില്‍ അസര്‍ബൈജാനില്‍ നിന്നും ഗ്രാന്റ് മാസ്റ്റര്‍ ഷഖ്രിയാര്‍ മമെഡയറോവിനെ തോല്പിച്ച് ജാന്‍ ക്രിസ്റ്റഫ് ഡുഡ കിരീടം ചൂടി. .
പോളണ്ടിന്റെ ഗ്രാന്‍ഡ് മാസ്റ്ററായ ഡുഡ കാള്‍സനെതിരെ വിജയം നേടിയ ശേഷം പ്രതികരിച്ചതങ്ങിനെ:” ഞാന്‍ വളരെ സന്തോഷവാനാണ്. തീര്‍ച്ചയായും ചെസ് കളിക്കുമ്പോള്‍ മാഗ്നസ് കാള്‍സനെ തോല്പിക്കുക എന്നത് ഏറ്റവും ആത്മസംതൃപ്തി പകരുന്ന നിമിഷങ്ങളാണ്. “- ഡുഡ പറഞ്ഞു. നാല് ഗെയിമുകളുള്ള സെമിയില്‍ രണ്ടാമത്തെയും നാലാമത്തെയും ഗെയിമുകളിലാണ് ഡുഡ കാള്‍സനെ തറപറ്റിച്ചത്. ഒന്നും മൂന്നും ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചു. 34കാരനായ ഡുഡ 15ാം വയസ്സില്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ അത്ഭുതതാരമാണ്. 2700നും മുകളിലാണ് ഡുഡയുടെ ഫിഡെ റേറ്റിംഗ്.
പിന്നീട് ഫൈനലില്‍ അസര്‍ബൈജാനില്‍ നിന്നും ഗ്രാന്റ് മാസ്റ്റര്‍ ഷഖ്രിയാര്‍ മമെഡയറോവിനെ തോല്പിച്ച് ജാന്‍ ക്രിസ്റ്റഫ് ഡുഡ എയിംചെസില് ചാമ്പ്യനായി. ഫൈനലില്‍ നാല് ഗെയിമുകള്‍ വീതമുള്ള രണ്ട് റാപ്പിഡുകളില്‍ രണ്ടുപേരും ഓരോന്നില്‍ വിജയിച്ചതോടെ പിന്നീട് ബ്ലിറ്റ്സ് ഗെയിം വേണ്ടിവന്നു. ബ്ലിറ്റ്സില്‍ ഡുഡ രണ്ടു ഗെയിമുകളും സ്വന്തമാക്കി കിരീടം ചൂടി.
ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ അര്ജുന് എരിഗെയ്സിയും ഡി. ഗുകേഷും പ്രാഥമിക റൗണ്ടുകളില്‍ മാഗ്നസ് കാള്‍സനെ വരെ തോല്പിച്ച് വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും സെമി കാണാതെ പിന്നീട് പുറത്തായി.
ഈ സീസണില്‍ മെല്റ്റ് വാട്ടര്‍ ചെസ് പര്യടനത്തില്‍ രണ്ടാമത്തെ കിരീടമാണ് ഇതോടെ ഡുഡ നേടിയത്. 25000 ഡോളറാണ് സമ്മാനത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: