സ്വയം പ്രഖ്യാപിത ആത്മീയാചാര്യനും പണം തട്ടിപ്പുകാരനും നിരവധി കേസുകളില്‍ പ്രതിയുമായ സന്തോഷ് മാധവന് പതിനാലുവര്‍ഷം മുന്‍പ് എറണാകുളത്ത് അറസ്റ്റിലായതിനെ തുടര്‍ന്ന് അതുവരെ കേരളം കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. അന്ന് വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയും പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ആശ്രമങ്ങള്‍ കയ്യേറുകയും, സന്തോഷ് മാധവന് ആരെന്നുപോലും അറിയാത്ത സാധുക്കളായ സംന്യാസിമാരെ ക്രൂരമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തു. സന്തോഷ് മാധവന് ചെയ്ത കുറ്റങ്ങള്‍ക്ക് ഇവരൊക്കെ ഉത്തരവാദികളാണെന്ന നിലപാടായിരുന്നു സിപിഎമ്മിന്. ഹിന്ദുവിരുദ്ധവും ആത്മീയ വിരുദ്ധവുമായ ഈ അതിക്രമങ്ങള്‍ മാസങ്ങള്‍ നീണ്ടു. ഇതിന് മാവോസേതൂങ് ആഹ്വാനം ചെയ്ത്, ചൈനയില്‍ അരങ്ങേറിയ കുപ്രസിദ്ധമായ സാംസ്കാരിക വിപ്ലവത്തിന്റെ ഛായ ഉണ്ടായിരുന്നു.
സന്തോഷ് മാധവന് ചെയ്തതിനെക്കാള്‍ ക്രൂരവും പൈശാചികവുമാണ് ഇലന്തൂരിലെ ഇരട്ട നരബലികള്‍. ജീവനുള്ള മനുഷ്യരെ കെട്ടിയിട്ട് അവരുടെ പച്ചമാംസം അറുത്തെടുക്കുകയും, ശരീരഭാഗങ്ങളില്‍ കത്തികുത്തിയിറക്കി ചോരചീറ്റിച്ച് രസിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയും, മനുഷ്യമാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച് ഭക്ഷിക്കുകയുമൊക്കെ ചെയ്യുകയായിരുന്നു. സിനിമകളില്‍പ്പോലും അനുവദിക്കാത്ത ദൃശ്യങ്ങളാണ് ഇലന്തൂരില്‍ യഥാര്‍ത്ഥത്തില്‍ അരങ്ങേറിയത്.
നരബലികളുടെ മാത്രമല്ല, നരഭോജികളുടെയും നാടായി കേരളത്തെ മാറ്റിയ ഇലന്തൂര്‍ സംഭവത്തില്‍ പ്രതികള്‍ പിടിയിലാവുകയും, നടുക്കുന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവരികയും ചെയ്തിട്ടും ഇടതുപക്ഷവും സഹയാത്രികരായ സാംസ്കാരിക നായകന്മാരും ശാന്തരും നിശ്ശബ്ദരുമാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രതിഷേധമില്ല, മാര്‍ച്ചില്ല. ഇലന്തൂരിലെ നരബലികള്‍ മറ്റേതോ നാട്ടില്‍ നടന്നതാണെന്ന മനോഭാവമാണ് ഇവര്‍ക്ക്.
ഉത്തരേന്ത്യയിലെവിടെയെങ്കിലും അന്ധവിശ്വാസത്തിന്റെ പേരില്‍ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നാല്‍ ആ സ്ഥലം എവിടെയാണെന്നു പോലും അറിയാത്ത സംഘപരിവാറുകാരന് മറുപടി പറയണമെന്ന് വാശിപിടിക്കുന്ന സിപിഎം ഇലന്തൂരില്‍ പുലര്‍ത്തുന്ന നിശ്ശബ്ദത എന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും അറിയാം. മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയുടെ ഇടവും വലവും നിന്ന് ഈ നരഹത്യ നടത്തിയ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും വര്‍ഷങ്ങളായി പാര്‍ട്ടി ദമ്പതിമാരാണ്. സംഭവം പുറത്തറിഞ്ഞതോടെ ഇവരുമായി അകലംപാലിക്കാനുള്ള വിഫലശ്രമം സിപിഎം നടത്തിയെങ്കിലും വിജയിച്ചില്ല. ഭഗവല്‍ സിങ് നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു, ഇപ്പോള്‍ സജീവമല്ല എന്നൊക്കെയുള്ള വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും ഫലിച്ചില്ല. ഇതിനിടെ ഭഗവല്‍ സിങ്ങിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അത് തിരുത്തേണ്ടിവന്നു. പേരുദോഷം വന്നു, കാണുന്നവര്‍ക്കെല്ലാം അംഗത്വം നല്‍കിയതിന്റെ ദൂഷ്യഫലം പാര്‍ട്ടി അനുഭവിക്കുകയാണെന്ന സ്വയം വിമര്‍ശനമാണ് ഗോവിന്ദന് നടത്തിയത്.
എന്നാല്‍ ഇലന്തൂരിലെ നരബലിക്കാരന്‍ സഖാവ് വെറുമൊരു പാര്‍ട്ടി അംഗം മാത്രമായിരുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, വര്‍ഗബഹുജന സംഘടനയായ കര്‍ഷക സംഘത്തിന്റെ പ്രമുഖ നേതാവുമായിരുന്നു. കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ഇയാള്‍ ഹൈക്കു കവിതകളെക്കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തിരുന്നു. സൈബറിടങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി പൊരുതുകയും, പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ വല്ലാതെ വിയര്‍പ്പൊഴുക്കുകയും ചെയ്തയാളാണ്. ഭഗവല്‍സിങ്ങിന്റെ ഭാര്യയും, നരബലിയില്‍ മഹാക്രൂരത നടത്തിയവളുമായ ലൈല നവോത്ഥാന മതിലില്‍ അണിചേര്‍ന്ന് ഇടതുപക്ഷഭരണത്തെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേതാവിന്റെ വീട്ടുപടിക്കലെ ഗര്‍ഭസത്യഗ്രഹത്തിനെതിരെ പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് അവിഹിതഗര്‍ഭം റദ്ദാക്കിയതുപോലുള്ള പരിപാടി പ്രായോഗികമാവില്ല. എല്ലാറ്റിനും സൈബറിടങ്ങളില്‍ തെളിവുണ്ട്.
ഇലന്തൂരിലെ നരബലിയില്‍ പല നിലയ്ക്കും സിപിഎമ്മും ഇടതുപക്ഷവും ഉത്തരവാദികളാണ്. തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ കൊടുംക്രൂരതകള്‍ അരങ്ങേറിയിട്ടും ഒരാള്‍പോലും സംശയിക്കാതിരുന്നത് ഭഗവല്‍സിങ്ങും ഭാര്യയും പാര്‍ട്ടിക്കാരായതുകൊണ്ടാണ്. നല്ലവനും ആത്മാര്‍ത്ഥതയുള്ളവനും സ്ഥലത്തെ പൊതുകാര്യ പ്രസക്തനുമായ പാര്‍ട്ടി നേതാവായാണല്ലോ അണികള്‍ ഭഗവല്‍സിങ്ങിനെ കണ്ടിരുന്നത്. ഇങ്ങനെയൊരു കൊടുംപാതകം ചെയ്യുമെന്ന് വിശ്വസിക്കാന്‍ പാര്‍ട്ടിബോധം അണികളെ അനുവദിച്ചില്ല. നരബലിക്കാര്‍ പാര്‍ട്ടിയെ ഒരു കവചമായിത്തന്നെ ഉപയോഗിച്ചു. ഇടയ്ക്കെപ്പോഴൊ ഇവര്‍ക്കെതിരെ ഒരു പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷിക്കാതിരുന്നതും പതിവുരീതിയിലുള്ള പാര്‍ട്ടി ഇടപെടലുകൊണ്ടായിരിക്കണം.
അഗ്നിക്ക് ചൂടില്ലെന്ന് നാല് വേദങ്ങള്‍ പറഞ്ഞാലും അംഗീകരിക്കില്ലെന്നു പറയുകയും, ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന് ഉപദേശിക്കുകയുമൊക്കെ ചെയ്ത ആദിശങ്കരനെയും നാരായണ ഗുരുവിനെയും പോലുള്ള മഹാഗുരുക്കന്മാരുടെ നാട് എന്തുകൊണ്ട് ഇപ്പോഴും അന്ധവിശ്വാസങ്ങളിലും ഹിംസയിലും കുടുങ്ങിക്കിടക്കുന്നു? അത്യുഗ്രവിഷമുള്ള പാമ്പുകളെയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെയുമൊക്കെ അരുമകളായി കണ്ട് അവയ്ക്ക് ഭക്ഷണം നല്‍കിയശേഷം മാത്രം താന്‍ ഭക്ഷിക്കുന്നത്ര ഭൂതദയ പ്രകടിപ്പിച്ച ചട്ടമ്പിസ്വാമികളുടെ നാട്ടില്‍ അറപ്പും വെറുപ്പുമുളവാക്കുന്ന ബീഭത്സമായ ഹിംസകള്‍ എന്തുകൊണ്ട് ആവര്‍ത്തിക്കപ്പെടുന്നു? ഇവിടെയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സിപിഎമ്മും ഇടതുപക്ഷവുമാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇടംകൊടുക്കാതെ ആത്മീയ മഹത്വത്തിന്റെ ഗംഗാപ്രവാഹമായിരുന്ന സാംസ്കാരിക നവോത്ഥാനത്തെ ഹൈജാക്കു ചെയ്ത് നിര്‍വീര്യമാക്കിയത് ഇടതുപക്ഷമാണ്. ആത്മീയമായ അറിവുകള്‍ നിഷേധിക്കപ്പെട്ട ഇടങ്ങളിലാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കളംപിടിച്ചത്. ദൈവം മടിച്ചുനില്‍ക്കുന്നിടത്തേക്ക് ചെകുത്താന് ഇടിച്ചുകയറുമല്ലോ. ഭാരതീയവും ഹൈന്ദവുമായ എല്ലാറ്റിനോടും വെറുപ്പും വിദ്വേഷവും, ഹിന്ദുവിരുദ്ധമായ എന്തിനോടും തീവ്രമായ ആഭിമുഖ്യവും. ഇതായിരുന്നു നവോത്ഥാനത്തോടുള്ള ഇടതുപക്ഷ സമീപനം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വനിതാമതിലില്‍പ്പോലും ഈ പക്ഷപാതവും കാപട്യവും പ്രകടമായിരുന്നുവല്ലോ.
ആത്മീയതയെ നിഷേധിച്ചുകൊണ്ടുള്ള അന്ധവിശ്വാസത്തിനെതിരായ പോരാട്ടം വിജയിക്കില്ല എന്നതാണ് ചരിത്രാനുഭവം. നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ മാര്‍ക്സിസം അന്ധവിശ്വാസത്തിനെതിരായ മറുമരുന്നല്ല. ഏഴുപതിറ്റാണ്ടുകാലം കമ്യൂണിസ്റ്റു വ്യവസ്ഥിതി നിലനില്‍ക്കുന്ന ചൈനയില്‍ അവിടുത്തെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനു കീഴിലും അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളും വ്യാപകമാണെന്ന വാര്‍ത്തകള്‍ വരാറുണ്ട്. ആഭിചാരം ചെയ്യുന്ന കോളജ് അധ്യാപകരായ കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാരെപ്പോലും ഇടതുപക്ഷ കേരളത്തില്‍ കണ്ടെത്താനാവും. വൈരുദ്ധ്യാത്മക ഭൗതികവാദംകൊണ്ടും പ്രത്യയശാസ്ത്രംകൊണ്ടും ചികിത്സിക്കാവുന്ന ഒരു രോഗമല്ല ഇത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഉപോല്‍പ്പന്നമായിത്തന്നെ കേരളത്തില്‍ ഇന്നും തുടരുന്ന അന്ധവിശ്വാസങ്ങളെ കാണാവുന്നതാണ്.
ഒരു മനുഷ്യന്റെ ശബ്ദം മറ്റൊരുവന്റെ കാതില്‍ സംഗീതമാകുന്നതിന് ഇരുവരും സഹജീവികളും പാര്‍ട്ടി അംഗങ്ങളുമായാല്‍പ്പോരാ. ആത്മീയതലത്തില്‍ അപരന് താന്‍ തന്നെയാണെന്ന് ഓരോരുത്തര്‍ക്കും തോന്നണം. അതൊരു മനോഭാവവും അനുഭൂതിയുമാക്കി മാറ്റാനും കഴിയണം. മാര്‍ക്സിസത്തിന് ഇത് എന്നും അന്യമായിരിക്കുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: