അഹമ്മദാബാദ്: ഹാരപ്പന്‍ (സിന്ധുനദി തട സംസ്കാരം) സംസ്കാര കാലത്തെ പ്രമുഖ നഗരങ്ങളിലൊന്നായിരുന്ന ഗുജറാത്തിലെ ലോഥലില്‍ നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് ഉയരുന്നു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സമുദ്ര പൈതൃകം പ്രദര്‍ശിപ്പിക്കാനും ലോകോത്തര അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുമാണ് പദ്ധതി. 2022 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിക്ക് 3500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഹാരപ്പന്‍ വാസ്തുവിദ്യയും ജീവിതശൈലിയും ഇവിടെ പുനഃസൃഷ്ടിക്കും. അതിന് നാല് തീം പാര്‍ക്കുകള്‍ – മെമ്മോറിയല്‍ തീം പാര്‍ക്ക്, മാരിടൈം ആന്‍ഡ് നേവി തീം പാര്‍ക്ക്, കാലാവസ്ഥാ തീം പാര്‍ക്ക്, അഡ്വഞ്ചര്‍ ആന്‍ഡ് അമ്യൂസ്മെന്റ് തീം പാര്‍ക്ക് എന്നിവ പണിയും. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. നമ്മുടെ സമുദ്ര പൈതൃകം സംരക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വലിയ കപ്പലുകള്‍ നിര്‍മിക്കുന്ന കേന്ദ്രമായി കച്ച് വളര്‍ന്നിരുന്നു. ഇവിടെ നിര്‍മിച്ച വലിയ കപ്പലുകള്‍ ലോകമെമ്പാടും വിറ്റു, മോദി ചൂണ്ടിക്കാട്ടി.
പുരാതന കാലത്ത് കപ്പല്‍ നിര്‍മാണത്തിന് പേരുകേട്ട പൗരാണിക നഗരമായിരുന്നു ലോഥല്‍. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള തുറമുഖവും കപ്പല്‍ശാലയും. 1954ലാണ് ഇവിടെ ഉദ്ഖനനം നടത്തി ഹാരപ്പന്‍ സംസ്കാര കാലത്തെ അതുല്യ കപ്പല്‍ശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
സബര്‍മതി നദി വഴിയായിരുന്നു ഹാരപ്പ മുതല്‍ സൗരാഷ്ട്ര വരെ നീണ്ടു കിടന്നിരുന്ന പഴയ വാണിജ്യ പാത. കപ്പല്‍ശാലയുടെതായ അവശിഷ്ടങ്ങള്‍ പുരാവസ്തു വിദഗ്ധര്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്. അഹമ്മദാബാദിലെ സരഗ്വാലയിലാണ് ഇന്ന് ലോഥല്‍. കപ്പല്‍ശാലയെ സബര്‍മതി നദിയുമായി ബന്ധപ്പെടുത്തിയിരുന്നതായും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. കപ്പല്‍ശാലയുടെ പുഷ്ക്കല കാലത്ത് ഇവിടെ ഒരു നഗരവും ഉണ്ടായിരുന്നു. ലോഥലിനെ യുനസ്ക്കോയുടെ ലോക ഹെറിറ്റേജില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ നടന്നുവരികയാണ്. ബിസി 2400കളിലാണ് നഗരവും കപ്പല്‍ശാലയും തഴച്ചുവളര്‍ന്നിരുന്നത്.
ലോഥലിലെ ഖനനത്തില്‍ നഗരങ്ങളുടെയും തുറമുഖങ്ങളുടെയും വിപണികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇവിടം ഇന്ത്യയുടെ സമുദ്രശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയായിരുന്നു. ലോഥല്‍ തുറമുഖത്ത് 84 രാജ്യങ്ങളുടെ പതാകകളുണ്ടായിരുന്നു. 80 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആസ്ഥാനമായിരുന്നു അടുത്തുള്ള വളഭി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: