തൃശൂര്‍: രാമവര്‍മ്മപുരം മില്‍മ പ്ലാന്റില്‍ നിന്നുള്ള മലിന ജലം പരിസരവാസികള്‍ക്ക് വലിയ ശല്യമാകുന്നതായി പരാതി. നിര്‍മ്മാണശാലയും ഉപകരണങ്ങളും കഴുകി വൃത്തിയാക്കുന്നതിന് ആസിഡും കാസ്റ്റിക് സോഡയും ജലവും ചേര്‍ത്ത മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഈ മലിനജലം വലിയ ടാങ്കുകളില്‍ ശേഖരിച്ച ശേഷം പരിസരത്തേക്ക് ഒഴുക്കിവിടുന്നതായാണ് പരാതി.
ജനവാസ മേഖലയിലെ കുളത്തിലാണ് ഈ മലിനജലം വന്നടിയുന്നത്. അതിരൂക്ഷമായ ദുര്‍ഗന്ധവുമുണ്ട്. പരിസര പ്രദേശങ്ങളിലെ കിണറുകളിലും മലിനജലം നിറയുകയാണ്.
നാല്പത് വര്‍ഷം മുമ്പാണ് രാമവര്‍മപുരത്ത് മില്‍മ ഡെയറിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് സ്ഥാപിച്ച മലിനജല ശുദ്ധീകരണശാലയാണ് ഇപ്പോഴുമുള്ളത്. ഇത് പ്രവര്‍ത്തനക്ഷമമല്ലെന്നും പറയുന്നു. ആരംഭത്തില്‍ ഇരുപതിനായിരം ലിറ്റര്‍ പാലാണ് ഇവിടെ സംസ്കരിച്ചിരുന്നത്.ഇപ്പോള്‍ ഇത് ഒരു ലക്ഷം ലിറ്ററായിട്ടുണ്ട്.ഇതനുസരിച്ച് മാലിന്യവും വര്‍ധിച്ചു.
പ്ലാന്റില്‍ നിന്ന് പുറത്തു വിടുന്ന രാസമാലിന്യങ്ങള്‍ കലര്‍ന്ന ജലം മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നും മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും കണ്ടെത്തിയതായി പരിസരവാസികള്‍ പറയുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: