ന്യൂദല്‍ഹി: രൂപയുടെ മൂല്യം കുറഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ച നിര്‍മ്മല സീതാരാമനെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പരിഹസിച്ചപ്പോള്‍ നിര്‍മ്മലയുടെ വാദമാണ് ശരിയെന്ന് തെളിയിക്കുന്ന കൂടുതല്‍ വസ്തുതകള്‍ പുറത്തുവരികയാണ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഡോളര്‍ സൂചിക പരിശോധിക്കുമ്പോള്‍ നിര്‍മ്മലയുടെ വാദം ശരിയാണെന്ന് കൂടുതല്‍ വ്യക്തമാകും.
ലോകത്തിലെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ എങ്ങിനെയാണ് ഡോളര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അളക്കുന്ന യൂണിറ്റാണ് ഡോളര്‍ സൂചിക. ഇതില്‍ ഇന്ത്യന്‍ രൂപ ലോകത്തിലെ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരെ എങ്ങിനെ പ്രവര്‍ത്തിച്ചു എന്ന് നോക്കിയാലാണ് നിര്‍മ്മല സീതാരാമന്റെ വാദം മനസ്സിലാക്കാന്‍ കഴിയൂ.
ബ്രിട്ടന്റെ കറന്‍സിയായ സ്റ്റെര്‍ലിങ് പൗണ്ട്, യൂറോപ്യന്‍ രാജ്യങ്ങളുടെ യൂറോ, ജപ്പാന്റെ യെന്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ ശക്തിപ്പെടുകയായിരുന്നു. 2021 ഒക്ടോബറില്‍ ഒരു സ്റ്റെര്‍ലിങ്ങ് പൗണ്ട് 104 രൂപയായിരുന്നു. എന്നാല്‍ ഇന്ന് രൂപ ശക്തിപ്പെട്ട് ഒരു സ്റ്റെര്‍ലിങ്ങിന് 92 രൂപയായി.
കഴിഞ്ഞ ഒക്ടോബറില്‍ ഒരു യൂറോ 88 രൂപയായിരുന്നു. ഇന്ന് രൂപ ശക്തിയാര്‍ജ്ജിച്ച് ഒരു യൂറോയ്ക്ക് 82 എന്ന നിലയിലായി. ചൈനീസ് യുവാന്‍ എടുത്താല്‍, 2021 ഒക്ടോബറില്‍ ഒരു യുവാന്‍ 11 രൂപ 66 പൈസയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രൂപ ശക്തിയാര്‍ജ്ജിച്ച് ഒരു യുവാന്‍ 11 രൂപ 37 പൈസയായി.
2021 ഒക്ടോബറില്‍ ഒരു യെന്‍ എന്നാല്‍ 65 പൈസയായിരുന്നു. ഇപ്പോള്‍ രൂപ ശക്തിപ്പെടുക വഴി ഒരു യെന്‍ 55 പൈസയായി മാറി. അതായത് ലോകത്തിലെ മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ ശക്തിപ്പെടുക തന്നെയാണ് ചെയ്തിട്ടുള്ളത്. അതാണ് നിര്‍മ്മല സീതാരാന്‍ ലോകബാങ്ക്- ഐഎംഎഫ് സമ്മേളനത്തില്‍ പറഞ്ഞുള്ളൂ. ഇന്ത്യന്‍ രൂപ ദുര്‍ബലപെട്ടിട്ടില്ല.
അതേ സമയം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ മാത്രം രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ട്. 2021 ഒക്ടോബറില്‍ ഒരു ഡോളര്‍ എന്നാല്‍ 75 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒരു ഡോളര്‍ എന്നാല്‍ 82 രൂപയിലേക്ക് താഴ്ന്നു. പക്ഷെ ഇതിന് പ്രധാനമായും കാരണമായത് ഡോളറിന്റെ പലിശ നിരക്ക് അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പല തവണ കൂട്ടിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: