തിരുവനന്തപുരം: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി കേരള യുവജനക്ഷേമ ബോര്‍ഡ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വ്യത്യസ്ത മേഖലകളിലെ യുവജന സമൂഹത്തെ കോര്‍ത്തിണക്കിക്കൊണ്ടു യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധ സേനയായ ടീം കേരളം, യുവതികളുടെ കൂട്ടായ്‌മയായ അവളിടം, എസ്‌സി/എസ്ടി കേന്ദ്രങ്ങളില്‍ രൂപീകരിച്ചിട്ടുള്ള യുവ ക്ലബുകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ യുവജനങ്ങള്‍ക്കുവേണ്ടി രൂപീകരിച്ച മാരിവില്‍ ക്ലബ് തുടങ്ങിയവയുടെ നേതൃത്വത്തിലാവും പരിപാടികള്‍ സംഘടിപ്പിക്കുക എന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ 23ന് സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തോടെയായിരിക്കും ക്യാമ്പയിനുകള്‍ തുടങ്ങുന്നത്. വ്യത്യസ്ത മേഖലകളിലെ പ്രഗല്‍ഭരായ യുവാക്കള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഉദഘാടനം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. നവംബറില്‍ അവളിടം യുവതീകഌുകളുടെ നേതൃത്വത്തില്‍ ജില്ലാടിസ്ഥാനത്തില്‍ കലാജാഥ സംഘടിപ്പിക്കും. ഒരു നിയമസഭാമണ്ഡലത്തിലെ രണ്ടു കലാലയങ്ങളിലും ഒരു പൊതു കേന്ദ്രത്തിലുമായിരിക്കും കലാജാഥ സംഘടിപ്പിക്കുക. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തില്‍ മാരിവില്ല് ക്ലബുകളുടെ നേതൃത്വത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ സംഗമവും, മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമങ്ങളിലെ പോരായ്‌മകള്‍ ചര്‍ച്ച ചെയ്യുന്നതിന് യുവ അഭിഭാഷകരുടെ കൂടായ്‌മയും ചേരും.
ഡിസംബറില്‍ എറണാകുളം ജില്ലയില്‍ വെച്ചാവും കൂട്ടായ്‌മ. ഇതിനു പുറമെ നവംബര്‍ 10 ന് ഇന്‍ഫോപാര്‍ക്കിലെയും നവംബര്‍ 17 ന് ടെക്‌നോപാര്‍ക്കിലെയും ഐ.ടി പ്രൊഫഷനലുകളുടെ സംഗമവും ക്യാമ്പയിന്റെ ഭാഗമായി നടക്കും. ലോകകപ്പിനോടനുബന്ധിച്ചു മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍കാരണവുമായി ബന്ധപ്പെട്ടു ‘വേണ്ട മയക്കുമരുന്ന്: ലോകകപ്പിനെ വരവേല്‍ക്കാം’ എന്ന ആശയവുമായി കേരളത്തിലുടനീളം ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മുന്‍കാല താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരങ്ങളും ഗോള്‍ ചലഞ്ച് എന്ന സോഷ്യല്‍ മീഡിയ കാമ്പയിനും നടത്തുവാനുമാണ് യുവജന ക്ഷേമ ബോര്‍ഡിന്റെ തീരുമാനം.
ക്യാംപയിനോടനുബന്ധിച്ചു മയക്കുമരുന്നിനെതിരെ ശ്രദ്ധേയമായ വാര്‍ത്ത ചെയ്യുന്ന അച്ചടിദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡും യുവജനക്ഷേമ ബോര്‍ഡ് പ്രഖ്യാപിച്ചു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ നിര്‍മിക്കുന്ന പത്തു പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡും നല്‍കും. മുപ്പതു സെക്കന്റില്‍ താഴെയുള്ള വാട്‌സാപ്പ് സ്റ്റാറ്റസും റീല്‍സും നിര്‍മിക്കുന്ന പത്തു പേര്‍ക്ക് 2000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കുമെന്നു യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് പറഞ്ഞു.
യുവജന ക്ഷേമ ബോര്‍ഡിന്റെ സന്നദ്ധ സേനയായ ടീം കേരളയിലെ പരിശീലനം പൂര്‍ത്തീകരിച്ച 4000 സേന അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ഡിസംബറില്‍ നടത്തുമെന്ന് തീരുമാനിച്ചതായും വൈസ് ചെയര്‍മാന്‍ അറിയിച്ചു. ഒക്ടോബര്‍ 31, നവംബര്‍ 1, 2, 3, തീയതികളില്‍ എറണാകുളം ജില്ലയില്‍ യുവ പ്രതിഭകള്‍ക്കായി യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സാഹിത്യ ക്യാമ്പും നടത്തും.
















