പാലക്കാട്: പാലക്കാട് – പൊള്ളാച്ചി റെയില്‍പാത നവീകരണം കഴിഞ്ഞ് ട്രെയിന്‍ ഗതാഗതം തുടങ്ങി 10 വര്‍ഷം കഴിയുമ്പോഴും യാത്രക്കാര്‍ക്ക് അവഗണനയുടെ ചൂളംവിളി മാത്രം. നവീകരണത്തിനു മുമ്പ് ഓടിയിരുന്ന മിക്ക ട്രെയിനുകളും പുന:സ്ഥാപിക്കാത്തതും നിലവിലെ തീവണ്ടികളുടെ സമയക്രമത്തിലെ അശാസ്ത്രീയതയുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
പാലക്കാട് ജങ്ഷനില്‍ നിന്നും രാവിലെ 5.15ന് പുറപ്പെട്ടിരുന്ന തിരുച്ചെന്തൂര്‍ എക്സ്പ്രസ് ഈ മാസം ഒന്നു മുതല്‍ 5.30ന് പുറപ്പെടുന്നതായി സമയക്രമം മാറ്റിയെങ്കിലും യാത്രക്കാര്‍ തൃപ്തരല്ല. പാലക്കാട് – പൊള്ളാച്ചി പാത നവീകരിച്ചതിന് ശേഷം രാമേശ്വരം എക്സ്പ്രസ് ഇനിയും സര്‍വീസ് തുടങ്ങിയില്ല. പാലക്കാട്, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ കൂടുതലായും കച്ചവടാവശ്യത്തിനും തീര്‍ത്ഥാടനത്തിനും ഉപയോഗിക്കുന്ന പ്രധാന റെയില്‍പാതയാണിത്. ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രഥമാകുന്ന രീതിയില്‍ രാവിലെയും വൈകിട്ടും മതിയായ ട്രെയിനുകളില്ലാത്തതും പ്രതിഷേധങ്ങള്‍ക്കു കാരണമാവുന്നു.
ചെന്നൈ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പുതുനഗരം, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം സ്റ്റേഷനുകളോടുള്ള അവഗണനയും പ്രതിഷേധാര്‍ഹമാണ്. ദീര്‍ഘദൂര തീവണ്ടിയായ ചെന്നൈ എക്സ്പ്രസിനു തമിഴ്നാട്ടിലെ ചെറിയ സ്റ്റേഷനുകളില്‍ പോലും സ്റ്റോപ്പുകളനുവദിച്ചപ്പോള് 35 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു സ്റ്റോപ്പുപോലുമനുവദിക്കാത്തത് പരിതാപകരമാണ്. മാത്രമല്ല സര്‍വീസുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത മൂലം യാത്രക്കാര്‍ക്ക് സീസണ് ടിക്കറ്റ് യാത്രയും ഉപകാരമില്ലാതാവുകയാണ്. പാലക്കാട് – തിരുവനന്തപുരം, പാലക്കാട്- കാസര്‍ഗോഡ് റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസുകളുടെ കാര്യത്തിലെ കൃത്യനിഷ്ഠയും സമയക്രമങ്ങളും യാത്രക്കാര്‍ക്ക് ഉപകാരമാകുന്ന പോലെ പാലക്കാട് – പൊള്ളാച്ചി പാതയിലും ഉദ്യോഗസ്ഥ ശ്രദ്ധ വേണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
പൊള്ളാച്ചി പാതയില്‍ സാധാരണക്കാര്‍ക്ക് നിലവില്‍ ആശ്രയമെന്നു പറയുന്നത് തിരുച്ചെന്തൂര്‍ എക്സ്പ്രസ് മാത്രമാണെന്നിരിക്കെ 12 ബോഗികളുള്ള ട്രെയിനിന് കൂടുതല്‍ ബോഗികള്‍ വേണമെന്നാവശ്യം ഉയരുന്നുണ്ട്. മാത്രമല്ല, പാലക്കാട് – പുനലൂര്‍ – ചെങ്കോട്ട റൂട്ടിലോടുന്ന പാലരുവിയും പാലക്കാട് – എറണാകുളം മെമുവും പൊള്ളാച്ചിയില്‍ നിന്നുമാരംഭിക്കുകയാണെങ്കിലും പൊള്ളാച്ചി, കൊല്ലങ്കോട് ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമായേനെ.
ലോക്ഡൗണിനു മുമ്പു തിരുച്ചെന്തൂര്‍ എക്സ്പ്രസ് പാലക്കാട് ജങ്ഷനില്‍ നിന്നും രാവിലെ 4.10 നാണ് പുറപ്പെട്ടിരുന്നതെങ്കിലും ഈ സമയക്രമം യാത്രക്കാര്‍ക്ക് ഉപകാരപ്രദമല്ലാത്തതിനാല്‍ പ്രതിഷേധം ശക്തമായിരുന്നു. പുറപ്പെടുന്ന സമയക്രമം 4.15ല്‍ നിന്നും 4.55 ഉം 5.15 ഉം മൊക്കെയാക്കിയ തിരുച്ചെന്തൂര്‍ എക്സ്പ്രസ് 5.30 ന് പുറപ്പെടുമ്പോഴും ഇതേ വണ്ടി കോയമ്പത്തൂരില്‍ നിന്നും പുറപ്പെടണമെന്ന യാത്രക്കാരുടെ ആവശ്യവും നടപ്പിലായില്ല. ആദ്യകാലങ്ങളില്‍ പാലക്കാട് നിന്നും ഏര്‍വാടി, രാമേശ്വരം ഭാഗത്തേക്കു തീവണ്ടികളുടെണ്ടായിരുന്നെങ്കിലും പിന്നീട് ഇതു മധുര വരെയും സര്‍വീസ് നടത്തിയിരുന്നു. രാത്രി 11.30ന് പുറപ്പെടുന്ന മധുര പാസഞ്ചര്‍ പുലര്‍ച്ചെ ഏഴിന് മധുരയില്‍ നിന്നും തിരിച്ച് വരുന്നത് യാത്രക്കാര്‍ക്ക് കച്ചവടക്കാര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു.
അമൃത എക്സ്പ്രസ് മാത്രമാണ് പാത നവീകരണത്തിനു ശേഷം പാളത്തിലിറങ്ങിയ പുതിയ ട്രെയിനെന്നിരിക്കെ മറ്റു ദീര്‍ഘദൂര വണ്ടികളൊന്നും വന്നതുമില്ല ഉള്ളതാകട്ടെ പ്രയോജനവുമില്ല. പൊള്ളാച്ചി, പഴനി, മധുര എന്നിവിടങ്ങളിലെ കച്ചവടം തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ഏര്‍വാടി – രാമേശ്വരം പ്രമുഖ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും പാലക്കാട് നിന്നും ട്രെയിന്‍ മാര്‍ഗം ആയിരക്കണക്കിനു യാത്രക്കാര്‍ ആശ്രയിച്ചിരുന്ന പ്രധാന റെയില്‍പാതയായിരുന്നു പാലക്കാട് – പൊള്ളാച്ചി റെയില്‍പാത. എന്നാല്‍ നവീകരണം പൂര്‍ത്തിയാക്കി പൊള്ളാച്ചി റെയില്‍പാതയില്‍ സര്‍വീസ് തുടങ്ങി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും യാത്രക്കാരോടുള്ള അവഗണന തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: