തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാവുന്ന വിലയില്‍ ഒമാനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ച് സലാം എയര്‍. ഈ ബജറ്റ് എയിര്ലൈന്സില് വെറും 4708 രൂപയ്ക്ക് (22 ഒമാന്‍ റിയാല്‍) ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്താം.
തിരുവനന്തപുരത്തെ അദാനി എയര്‍പോര്‍ട്ടിലെ ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്കിനെക്കുറിച്ച് വിലപിച്ച് ഒരു മാസം മുന്‍പ് വലിയ തരംഗം സൃഷ്ടിച്ചിരുന്നു തോമസ് ഐസക്. ഇപ്പോള്‍ അദാനി എയര്‍പോര്‍ട്ടിലേക്ക് മാത്രമാണ് സലാം എയര്‍ലൈന്‍സിന്റെ സര്‍വ്വീസുള്ളത്. ഇത്രയും വിലക്കുറവില്‍ ഒമാനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വഴി ഒരുക്കിക്കൊടുത്ത തിരുവനന്തപരും വിമാനത്താവളത്തിനെതിരായി തോമസ് ഐസക്ക് പുതിയ ന്യായം എന്തെങ്കിലും കണ്ടെത്തുമോ?
കൊച്ചിയേക്കാള്‍ ഇരട്ടി ചാര്‍ജ്ജ് ഈടാക്കി തിരുവനന്തപുരം വിമാനത്താവളം തീവെട്ടിക്കൊള്ള നടത്തുന്നു എന്നായിരുന്നു ഒരു മാസം മുന്‍പ് ഫേസ്ബുക്കില്‍ തോമസ് ഐസക്ക് ഇട്ട പോസ്റ്റ്.
ഇത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കൊച്ചിക്കാന് എത്ര ഭാഗ്യവാന്മാര് എന്നായിരുന്നു തോമസ് ഐസക്കിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തതിനാല്‍ അദാനിയെ മാത്രം ലക്ഷ്യം വെച്ചായിരുന്നു തോമസ് ഐസക്കിന്റെ ഈ പരോക്ഷ വിമര്‍ശനം എന്ന് വ്യക്തം. പക്ഷെ ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തേക്കാള്‍ ഏറെ വിലക്കുറവില്‍ ഒമാനില്‍ നിന്നും തിരുവനന്തപുത്തേക്ക് എത്തിച്ചേരാമെന്നതുകൊണ്ട് തിരുവനന്തപുരത്തുകാര്‍ എന്ത് ഭാഗ്യവാന്മാര് എന്ന് ആരെങ്കിലും പറയുമോ?
ഒമാനില്‍ നിന്നും കൊച്ചിയിലേക്കുള്ള എറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്ക് എയറിന്ത്യ എക്സ്പ്രസില്‍ ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് 7,348 രൂപ ആണ്. എന്നാല്‍ വിവിധ എയര്‍ലൈന്‍സുകളുടെ നിരക്കിന്റെ ശരാശരി എടുത്താല്‍ 13000 രൂപയ്ക്ക് മുകളില്‍ വരും. വിമാനത്താവളങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ പല സാഹചര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന തികച്ചും ആപേക്ഷികമായ ഘടകമാണെന്ന് കേരളത്തിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് എന്നാണ് മനസ്സിലാക്കുക. അതോ അറിഞ്ഞിട്ടും അറിവില്ലായ്മ നടിക്കുകയായിരുന്നോ ഐസക്ക്.
സലാം എയര്‍ പ്രൊമോഷണല്‍ പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30വരെ ദിവസങ്ങളില്‍ മാത്രമാണ് 22 റിയാല്‍ ഈടാക്കുക. ഇതിനൊപ്പം 20 കിലോ ബാഗേജും അനുവദിക്കും. വടക്കന്‍ ജില്ലകളില്‍ ഉള്ളവരും എന്തിന് കൊച്ചിക്കാര് പോലും ഇപ്പോള്‍ സലാം എയറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിരക്കിലാണ്. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിട്ടായിരിക്കും ഈ സൗജന്യ നിരക്ക് നല്‍കുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ മസ്കറ്റില്‍ നിന്നും കേരള സെക്ടറില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാത്രമാണ് സലാം എയര്‍ സര്‍വ്വീസ് നടത്തുന്നത്. നെടുമ്പാശേരിയിലേക്കില്ല. സലാലയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് ഉണ്ട്. മസ്കറ്റ് നാഷണല്‍ ഡവലപ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയാണ് സലാം എയറിന്റെ ഉടമസ്ഥര്‍. ഇതില്‍ മസ്കറ്റ് മുനിസിപ്പാലിറ്റി, വിവിധ പെന്ഷന് ഫണ്ടുകള്‍, പൊതു റിസര്‍വ്വ് ഫണ്ടുകള്‍ എന്നിവയും പങ്കാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: