തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 87-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 16ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് വിശ്വശാന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മുന്‍ ജില്ലാകളക്ടര്‍ നന്ദകുമാര്‍ ഐഎഎസ്(റിട്ട.) നിര്‍വഹിക്കും.
ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ആചാര്യന്‍ ബ്രഹ്മശ്രീ സ്വാമി യോഗവ്രതാനന്ദജി, കാലടി ബോധാനന്ദാശ്രമം മുഖ്യാചാര്യന്‍ ബ്രഹ്മശ്രീ സ്വാമി ഹരിഹരാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഉദ്ഘാടനചടങ്ങുകൾക്ക് മുമ്പ് വൈകുന്നേരം നാല് മണിക്ക് സംഗീതസദസ് ഉണ്ടായിരിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, അഡ്വ.കുമാരപുരം മോഹന്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലാമത്സരങ്ങളുടെ സമ്മാനങ്ങള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും. വൈകുന്നേരം 6.30ന് ജ്യോതിക്ഷേത്ര സന്നിധിയില്‍ ഡോ.സ്മിത ലക്ഷ്മി ചിട്ടപ്പെടുത്തി കോഴിക്കോട് നടനം സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന നാട്യസമര്‍പ്പണം നടക്കും.
ജയന്തി ദിനമായ ഒക്ടോബര്‍ 17 തിങ്കളാഴ്ച ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, തുടര്‍ന്ന് ശ്രീരാമായണ പാരായണം. 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്‌ക്ക് 1ന് അമൃതഭോജനം, വൈകുന്നേരം 3ന് ശ്രീമതി ദിവ്യ വിമല്‍ എറണാകുളം അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. 4.30ന് ജ്യോതിക്ഷേത്രത്തില്‍ ചെണ്ടമേളം, 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണവും പൂമൂടലും. 7.30ന് ഭജന, 8.30ന് ആരാധന. 2022 ഒക്ടോബര്‍ 18ന് വെളുപ്പിന് 3.30ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി മഹായജ്ഞം സമ്പൂര്‍ണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: