കൊച്ചി : ഇലന്തൂര്‍ നരബലികേസില്‍ അന്വേഷണം കൂടുതല്‍ കടുപ്പിച്ച് പോലീസ്. അറസ്റ്റിലായ പ്രതികളെ കൂടാതെ മറ്റാര്‍ക്കെങ്കിലും അന്വേഷണവുമായി ബന്ധമുള്ളായും പോലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും എറണാകുളം പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മുഖ്യ പ്രതിയായ ഷാഫിക്കെതിരെ 75 കാരിയെ പീഡിപ്പിച്ചത് ഉള്‍പ്പടെ പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനോടനുബന്ധിച്ച് രണ്ടാം പ്രതി ലൈല, മൂന്നാം പ്രതി ഭഗവല്‍ സിങ് എന്നിവരുടേയും തെളിവെടുപ്പ് പൂര്‍ത്തിയാക്കും.
അതേസമയം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു മരണത്തിലും ദുരൂഹത വര്‍ധിക്കുന്നു. ഇലവന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയയായുള്ള മരണത്തിലെ ദുരൂഹതയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. 2014 സെപ്റ്റംബര്‍ 14ന് ഇലവുംതിട്ട പൈവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സരോജിനിയുടെ ശരീരത്തില്‍ 27 മുറിവുകളാണ് ഉണ്ടായിരുന്നത്. ശരീരത്തിലേറ്റ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
വീട്ടുജോലിക്ക് പോകുന്നയാളായിരുന്ന ഇവര്‍ സെപ്റ്റംബര്‍ 11ന് വീട്ടില്‍ നിന്ന് ജോലിക്ക് പോയ സരോജിനി തിരികെ വന്നില്ല. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുളനട-ആറന്മുള റൂട്ടിലെ പതാലില്‍ എന്ന സ്ഥലത്ത്് ശരീരത്തില്‍ നിരവധി മുറിവുകളുമായി ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് കനാലിനടുത്തായി കൊന്ന് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഒറ്റ നോട്ടത്തില്‍ തന്നെ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും, അതിനുശേഷം മൃതദേഹം കുളിപ്പിച്ച ശേഷം ചാക്കില്‍ പൊതിഞ്ഞതാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെ്ത്താന് സാധിച്ചിരുന്നില്ല.
ഇപ്പോള്‍ നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സരോജിനിയും നരബലിക്ക് ഇരയായിട്ടുണ്ടോയെന്ന് ബന്ധുക്കളാണ് സംശയം ഉയര്‍ത്തിയിരിക്കുന്നത്. പത്മത്തിനും റോസ്ലിനും സംഭവിച്ചത് പോലെ ഇവരേയും നരബലിക്ക് വിധേയമാക്കിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സരോജനിയുടെ ബന്ധുക്കള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: