വെള്ളറട(തിരുവനന്തപുരം): മാനദണ്ഡങ്ങള്‍ ലംഘിച്ച് കൃഷിവകുപ്പ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റുന്നു. സുതാര്യമാക്കുന്നതിനെന്നുപറഞ്ഞ് ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന നയങ്ങളിലൊന്നായി ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാക്കിയിരുന്നു. 2018 മുതല്‍ 2020 വരെ ഓണ്‍ലൈന്‍ ആയിട്ടാണ് സ്ഥലംമാറ്റം നടന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനകളുടെ ഇടപെടലില്‍ സംസ്ഥാനതലത്തില്‍ വിന്യസിക്കപ്പെടുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ ജില്ലാതലത്തിലേക്ക് മാറ്റുന്നതിനായിട്ടുള്ള പുതിയ ഉത്തരവ് ഉണ്ടായി. ഓരോ വര്‍ഷവും സ്കൂള്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലംമാറ്റ നടപടി പൂര്‍ത്തിയാക്കണം എന്നാണ് ചട്ടം.
എന്നാല്‍ കൃഷിവകുപ്പില്‍ സോഫ്റ്റ്വെയര് തയ്യാറാക്കിയില്ല എന്ന കാരണത്താല്‍ കഴിഞ്ഞവര്‍ഷം അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം നടന്നിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും സോഫ്റ്റ്വെയര് തയ്യാറാകാത്തത് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം ജീവനക്കാര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടത്തുന്നതിനാവശ്യമായ സോഫ്റ്റ്വെയര് വികസിപ്പിക്കുന്നതിന് കോടതി നിര്‍ദേശം നല്കി. ഇതോടെ സോഫ്റ്റ്വെയര് വികസിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനുശേഷം 2022ലെ പൊതു സ്ഥലംമാറ്റത്തിന് ഓഫ് ലൈനായി അപേക്ഷ ക്ഷണിക്കുകയായിരുന്നു.
ഇതിനെതിരെ ജീവനക്കാര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും 20ന് മുമ്പായി സോഫ്റ്റ്വെയറില് മാറ്റം വരുത്തി സ്ഥലംമാറ്റം നടത്താന്‍ കോടതി നിര്‍ദേശം നല്കി. സോഫ്റ്റ്വെയര് നിലവില്‍ വന്നെങ്കിലും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് രണ്ട് പ്രാവശ്യം ഓണ്‍ലൈനായി അപേക്ഷ നല്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ഇങ്ങനെ ജീവനക്കാരന് പരിമിതമായ ഓഫീസുകളില്‍ മാത്രമാണ് അപേക്ഷിക്കാനാവുക.
ഏറെക്കാലമായി സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുമ്പോള്‍ അവരെ പരിഗണിക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ സ്ഥലംമാറ്റത്തിന്റെ കരട് പട്ടികയില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി 400 ഓളം ജീവനക്കാരെ സ്വന്തം ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റുകയായിരുന്നു.
വളരെക്കാലം സേവനമനുഷ്ഠിക്കുന്നവരെ സ്വന്തം ജില്ലകളിലേക്ക് പരിഗണിക്കണമെന്നിരിക്കെ ജൂനിയര്‍ ജീവനക്കാരെയും, അടുത്തകാലത്ത് സേവനത്തില്‍ പ്രവേശിച്ചവരെയും യാതൊരു മാനദണ്ഡവും ഇല്ലാതെ സ്വന്തം സ്ഥലങ്ങളില്‍ നിയമനം നല്കി ഉത്തരവിറങ്ങി. സര്‍ക്കാരിന്റെ ഇഷ്ടക്കാരെ അതാത് ജില്ലകളില്‍ നിയമിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: