കൊച്ചി: പുതിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളെജിന് അഫിലിയേഷന് നല്കിയ കണ്ണൂര്‍ വിസിയുടെ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി.ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വിസി അഫിലിയേഷന് നല്‍കിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിയായിരുന്നു ഇക്കാര്യത്തില്‍ വിസി തിരക്കിട്ട് തീരുമാനമെടുത്തത്.
കാസർകോട് പടന്നയിലുള്ള ടി.കെ.സി എജ്യുക്കേഷൻ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങാന്‍ കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന് അഫിലിയേഷന് അനുവദിച്ചത്. ഇക്കാര്യത്തില്‍ കണ്ണൂർ വി.സി തന്റെ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
സിൻഡിക്കേറ്റിനെ ഒഴിവാക്കിയായിരുന്നു വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങാന്‍ അനുമതി നൽകിയത്. പടന്നയിലെ ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാൻ സിൻഡിക്കേറ്റിന്റെ അനുമതിയില്ലാതെ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ച ഭരണാനുമതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കി. സെല്‍ഫ് ഫൈനാന്‍സിങ്ങ് ആര്‍ട്സ് ആന്റ് സയന്‍സ് കോളെജ് മാനേജ്മെന്റ് വെല്‍ഫെയര്‍ അസോസിയേഷനാണ് നല്കിയ റിട്ട് ഹര്‍ജിയിലാണ് നടപടി.
കോളെജ് ആരംഭിക്കാന്‍ അപേക്ഷിച്ച ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആകെ മൂന്നേക്കര്‍ ഭൂമിയാണ് ഉള്ളത്. അതില്‍ രണ്ടേക്കര്‍ നെല്‍പ്പാടമാണ്. മറ്റ് അപേക്ഷരോട് സ്ഥിരം കെട്ടിടം വേണമെന്ന് ഇന്സ്പെക്ഷന് ടീം ആവശ്യപ്പെട്ടപ്പോഴാണ് അതൊന്നുമില്ലാത്ത ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് അനുമതി നല്‍കിയത്.- പരാതിക്കാര്‍ പറയുന്നു. അപേക്ഷ അംഗീകരിക്കുമ്പോള്‍ നിയമം കാറ്റില്‍ പറത്തിയെന്നും പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ജൂലായ് 20നാണ് ടികെസി എജ്യുക്കേഷൻ ആന്റ് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് തുടങ്ങാൻ വിസി ഡോ. ഗോപിനാഥ് അനുമതി നൽകിയത്. സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടപടി. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നും വൈസ് ചാൻസലർ അല്ല സിൻഡിക്കേറ്റാണ് കോളേജിന് അനുമതി നൽകേണ്ടതെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: