തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് മതഭീകരവാദ ശക്തികൾ സമീപകാലത്ത് കേരളത്തിൽ നടത്തിയ ചില സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിലെ പ്രധാന പ്രതി മതഭീകരവാദികളുമായി ബന്ധമുള്ളയാളാണ്. ഇത് വെറുമൊരു ബലിയല്ലെന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഐഎസ് രീതിയിലാണ് കൊലകൾ നടന്നിരിക്കുന്നത്. ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവർ കേരളത്തിൽ ഇപ്പോഴും സജീവമാണ്. ഈ കാര്യങ്ങളെ കുറിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. പിഎഫ്ഐ നിരോധനത്തോട് തണുപ്പൻ സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചത്. മതതീവ്രവാദികൾക്ക് ആവശ്യത്തിന് സമയം കൊടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിരോധനത്തിന് ശേഷം പിഎഫ്ഐ പ്രവർത്തകരെ സ്വാഗതം ചെയ്യുകയാണ് സിപിഎമ്മും മുസ്ലിംലീഗും ചെയ്തതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ഈ നരബലികൾ നടന്നത് എന്നതാണ് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ലോകത്തെ ഞെട്ടിച്ച കൊടുംക്രൂരത കാണിച്ച സിപിഎമ്മിന്റെ പ്രാദേശിക നേതാവ് കേരളത്തെ അപമാനിച്ചിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം മറുപടി പറയാത്തത്?
എന്തുകൊണ്ടാണ് സാംസ്കാരിക കേരളം ഇതിനെതിരെ പ്രതികരിക്കാത്തതെന്ന് മനസിലാകുന്നില്ല. ലിബറലുകൾക്കും അർബൻ നക്സലുകൾക്കും മിണ്ടാട്ടമില്ല. എവിടെയും മെഴുകുതിരി ജാഥയും പ്രതിഷേധങ്ങളും നടക്കുന്നില്ല. പ്രതികൾ സിപിഎമ്മുകാരനും മതതീവ്രവാദ സംഘക്കാരനുമായതാണ് ഇവരുടെ മൗനത്തിന് കാരണം. നവോത്ഥാന മതിൽ കെട്ടിയവർ തന്നെ നരബലി നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നവോത്ഥാനത്തെ ചവിട്ടി മെതിക്കുകയാണ് സിപിഎം. മാർകിസ്റ്റ് പാർട്ടിയുടെ ലോക്കൽ നേതാക്കൾ ഇയാൾ തങ്ങളുടെ പാർട്ടിക്കാരനാണെന്ന് സമ്മതിച്ചു കഴിഞ്ഞു. എംഎ ബേബി പച്ചക്കള്ളം പറയുകയാണ്. കേരളത്തിൽ ശവംതീനികൾ ഉണ്ടാകുന്നതിന് കാരണം എന്താണെന്ന് സർക്കാർ പഠിക്കണം. പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതും നരബലി നടത്തുന്നതും കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് എന്നിവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: