ന്യൂദല്‍ഹി: ചലച്ചിത്ര സംവിധായകന് സാജിദ് ഖാനെതിരെ നിരവധി യുവനടിമാരും മോഡലുകളും ലൈംഗികാരോപണം ഉന്നയിച്ചതോടെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ദല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിന് ബലാത്സംഗഭീഷണി. ഇന്‍സ്റ്റഗ്രാമിലാണ് ബലാത്സംഗ ഭീഷണി ഉയര്‍ന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാതി ബലാത്സംഗ ഭീഷണിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ കാണിച്ചു. പ്രമുഖ സംവിധായിക ഫാറാ ഖാന്റെ ഇളയ സഹോദരനാണ് സാജിദ് ഖാന്. ബോളിവുഡിലെ സല്മാന് ഖാന്, ഷാറൂഖ് ഖാന് എന്നിങ്ങനെയുള്ള കരുത്തരുമായി അടുത്ത ബന്ധമുള്ളവരാണ് ഫാറാ ഖാനും സാജിദ് ഖാനും.
സല്മാന്ഖാന് അവതരിപ്പിക്കുന്ന ബിഗ് ബോസിസിന്റെ 16ാമത് എഡിഷനില്‍ അംഗമായ സാജിദ് ഖാനെതിരെ വീണ്ടും ലൈംഗിക പീഡന പരാതികളുമായി രംഗത്തെത്തിയതോടെയാണ് പരിപാടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വനിത കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതി മാലിവാളിന് ബലാത്സംഗ ഭീഷണികള്‍ വന്ന് തുടങ്ങിയത്.
ഭീഷണി സംബന്ധിച്ച് ദല്‍ഹി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേഗത്തിലാക്കാനും സ്വാതി ആവശ്യപ്പെട്ടു. ബലാത്സംഗ ഭീഷണി ഉയര്‍ത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സ്വാതി ആവശ്യപ്പെട്ടു.
ബിഗ് ബോസ് പോലെ ഒരു ഷോവില്‍ ലൈംഗിക വേട്ടക്കാരെ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് സ്വാതി മാലിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. “സാജിദ് ഖാനെതിരെ 10 സ്ത്രീകളെങ്കിലും മീടൂ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. സാജിദ് ഖാനെതിരായ ആരോപണം ഗൗരവമാണ്. ഇത്തരം ലൈംഗിക കുറ്റവാളികളെ ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചുകൂടാ”- സ്വാതി മാലിവാള്‍ പറഞ്ഞു.
സാജിദ് ഖാന് തന്റെ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിന് പൂജ്യം മുതല്‍ 10 വരെ റേറ്റിംഗ് കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് യുവനടി ഷെര്ളിന് ചോപ്ര ഈയിടെ ആരോപിച്ചത്. ഇറാനില്‍ നിന്നും ബോളിവുഡിലെത്തിയ മന്ദന കരിമിയും സാജിദ് ഖാനെതിരെ ലൈംഗിക പീഢന പരാതി ഉയര്‍ത്തിയിരുന്നു. 17 വയസ്സായ ഒരു നടിയോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി മികച്ച ശരീരഘടനയാണെങ്കില് റോള്‍ തരാമെന്ന് സാജിദ് ഖാന് പറഞ്ഞതായി ആരോപണമുണ്ട്. ലൈംഗിക പീഢനം ഉള്‍പ്പെടെ ഒട്ടേറെ യുവനടിമാരും മോഡലുകളും സാജിദ് ഖാനെതിരെ മിടൂ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ സാജിദ് ഖാനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ കളേഴ്സ് ടിവിയും വെട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: