ശാസ്താംകോട്ട: പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്നതടക്കമുള്ള മുഴുവന്‍ ചെലവുകളും വഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മാതൃയാനം പദ്ധതിയുടെ മറവില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വന്‍ വെട്ടിപ്പും ക്രമക്കേടും നടക്കുന്നതായി പരാതി.
ഏഴ് താലൂക്കാശുപത്രികളിലും ജില്ലാ ആസ്ഥാനത്തെ വിക്ടോറിയാ ഹോസ്പിറ്റലിലും നടക്കുന്ന വെട്ടിപ്പിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിരവധി പരാതികള്‍ അയച്ചിട്ടും കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. സിപിഎം ജില്ലാ നേതൃത്വത്തിലെ ചിലരുടെ പിന്‍ബലത്തിലാണ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരായ (എല്‍ആര്‍ എച്ച്എം) ഈ സംഘം പകല്‍ക്കൊള്ള നടത്തുന്നത്.
ഒന്നര വര്‍ഷം മുന്‍പ് ഇത്തരം വെട്ടിപ്പ് കയ്യോടെ പിടികൂടിയ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സിപിഎം നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് അടക്കം നല്കിയ പരാതിയും പൂഴ്ത്തി. ഈ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ പി ആര്‍ഒ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി ഇവിടെ ജോലി ചെയ്യുന്നു. മെഡിക്കല്‍ കോര്പ്പറേഷന് ജനറല്‍ മാനേജരാണ് രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് ഇവരെ നിയമിച്ചതെന്നും പരാതിയുണ്ട്.
മാതൃയാനം പദ്ധതിയുടെ മറവില്‍ ഇവര്‍ നടത്തിയിട്ടുള്ള പതിനായിരങ്ങളുടെ വെട്ടിപ്പാണ് തെളിവ് സഹിതം പുറത്തു വന്നതും കയ്യോടെ പിടികൂടിയതും. പ്രസവശേഷം വീട്ടില്‍ പോകുന്ന അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ ചെലവില്‍ കാറിലാണ് വീട്ടിലെത്തിക്കേണ്ടത്. അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ആകുമ്പോള്‍ മാതൃയാനം ആപ്പ് വഴി രജിസ്ട്രര്‍ ചെയ്തിട്ടുള്ള കാര്‍ വിളിച്ചു വരുത്തി സൗജന്യമായി വീട്ടില്‍ എത്തിക്കണം.
പദ്ധതിയെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തവര്‍ ഡിസ്ചാര്‍ജ് ആകുമ്പോള്‍ സ്വന്തം വാഹനത്തിലോ, വാടകയ്ക്ക് വിളിച്ചോ വീട്ടിലേക്കു മടങ്ങും. ഈ സമയം പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കരാര്‍ എടുത്ത ടാക്സിക്കാരില്‍ നിന്ന് ട്രിപ്പ് ഷീറ്റും ക്ലെയിമും വ്യാജ രേഖകളായി തരപ്പെടുത്തി സാക്ഷ്യപത്രവും ഒപ്പിട്ട് ആശുപത്രിയില്‍ സമര്‍പ്പിക്കും. ഇതോടെ ടാക്സി കൂലി വാഹന ഉടമയുടെ അക്കൗണ്ടില്‍ എത്തും. ഈ തുക പിന്നീട് പങ്കിടും. ഇത്തരത്തില്‍ മുന്നേകാല്‍ ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി കരുനാഗപ്പള്ളി പിആര്‍ഒ നടത്തിയതായി കണ്ടെത്തിയിരുന്നു.
ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ക്രിമിനല്‍ കുറ്റം കയ്യോടെ പിടികൂടിയിട്ടും സിപിഎം ജില്ലാ നേതാവായ കരുനാഗപ്പള്ളിയിലെ ഒരു ജനപ്രതിനിധി ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തു. ആശുപത്രിയിലെ സാമ്പത്തിക തിരിമറിയിലും താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം മരവിപ്പിച്ചിരിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: