എന്‍. ഹരിദാസ്
കെട്ടിലും മട്ടിലും ചെറുതാണെങ്കിലും അകക്കാമ്പിനാല്‍ ക്ഷേത്രദര്‍ശനം എന്ന പുസ്തകം സമൃദ്ധമാണ്. വേലായുധന്‍ സ്വാമി വെള്ളിയൂരാണ് പുസ്തകരചയിതാവ്. ഇന്ദ്രിയങ്ങളെ ഒതുക്കി പ്രാണായാമാദികളിലൂടെ അഞ്ചുവിധ പ്രാണങ്ങളുടെയും സഞ്ചാരം നിയന്ത്രിച്ച് ജീവാത്മാവിനെ പരമാത്മാവിനോട് കൂട്ടിച്ചേര്‍ക്കുവാന്‍ കഴിഞ്ഞാല്‍ ആ വ്യക്തിക്ക് പരമപദത്തിലെത്താന്‍ കഴിയും. സാധാരണക്കാര്‍ക്ക് അതു ക്ലേശമാണെന്ന് പറയുന്ന ഈ പുസ്തകം എളുപ്പമാര്‍ഗം ക്ഷേത്രദര്‍ശനമാണെന്നും പറയുന്നു. അറിവ് പകരാന്‍ ഉപകരിക്കുന്ന പുസ്തകം എന്ന നിലയ്‌ക്ക് ‘ക്ഷേത്രദര്‍ശനം’ ശ്രദ്ധേയമാണ്. ക്ഷേത്രദര്‍ശനം, പ്രദക്ഷിണം, നമസ്‌കാരം, വഴിപാടുകള്‍ ഉള്‍പ്പെടെയുള്ളവയെപ്പറ്റി ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ചെറിയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ വലിയ വായനയുടെ അനുഭവസമ്പത്തും അരനൂറ്റാണ്ടിന് മീതെയുള്ള ക്ഷേത്രദര്‍ശനവും പ്രത്യേകിച്ച് ശബരിമല ക്ഷേത്രദര്‍ശനവും അത്രതന്നെ നാട്ടിലെമ്പാടുമുള്ള അയ്യപ്പ ഭജനയിലെ പാട്ടുകാരന്റെ സാന്നിധ്യവും മുഖമുദ്രയാകുന്ന വേലായുധന്‍ നാട്ടുകാരുടെ വേലായുധന്‍ സ്വാമിയാണ്.
ക്ഷേത്രദര്‍ശനം, നമസ്‌കാരങ്ങള്‍, പ്രധാനപ്പെട്ട ഹിന്ദുതീര്‍ത്ഥാടന കേന്ദ്രം, പാര്‍വതീദേവിയുടെ മുഖ്യ ക്ഷേത്രങ്ങള്‍, ചതുര്‍ധാമങ്ങള്‍, നാലമ്പലം, നാലു പ്രമുഖ ശാസ്താക്ഷേത്രങ്ങള്‍, പഞ്ചനാഥം, പഞ്ചതത്ത്വലിംഗങ്ങള്‍, പഞ്ചസരോവരം, പഞ്ചതീര്‍ത്ഥങ്ങള്‍, സപ്തപുണ്യ നദികള്‍, നവഗ്രഹ ക്ഷേത്രങ്ങള്‍, ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍, ക്ഷേത്രങ്ങള്‍ അനുഷ്ഠാനങ്ങള്‍, തത്ത്വനിരൂപണങ്ങള്‍, നവരാത്രി മാഹാത്മ്യം, ശിവരാത്രി മാഹാത്മ്യം എന്നിവയെപ്പറ്റിയും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. വെള്ളിയൂര്‍ എന്ന ഗ്രാമപ്രദേശത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെട്ട ഈ ചെറുപുസ്തകത്തിലൂടെ അറിയേണ്ടത് അറിയാന്‍ കഴിയുമെന്ന് വായനക്കാര്‍ പറയുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഈ എഴുത്തുകാരനെ വിവിധ ക്ഷേത്രക്കമ്മിറ്റികള്‍ ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: