കോഴിക്കോട്: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ധൃതിപിടിച്ചു കണ്ണൂരിലെത്തിച്ചു സംസ്കരിച്ച വിവാദത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം കൂടുതല്‍ വിവാദത്തിനിടയാക്കുന്നു. രോഗബാധിതനായി മരിച്ച കോടിയേരിയുടെ മൃതദേഹത്തിന് ‘ദീര്‍ഘയാത്ര’ ഡോക്ടര്‍മാര്‍ വിലക്കിയതിനാലാണ് തലസ്ഥാനത്തു കൊണ്ടുവരാതിരുന്നതും അവിടെ നിന്നു വിലാപ യാത്ര നടത്താതിരുന്നതുമെന്നാണ് പാര്‍ട്ടി വ്യാഴാഴ്ച ഔദ്യോഗിക പത്രക്കുറിപ്പില്‍ ന്യായീകരിച്ചത്.
പിണറായി വിജയന് ഇടപെട്ടു മൃതദേഹം ചെന്നൈയില്‍ നിന്നു കണ്ണൂരിലെത്തിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുത്തില്ല, പാര്‍ട്ടി നേതാക്കള്‍ക്കു മാത്രം പ്രവേശനമുള്ളിടത്തു സന്ദീപാനന്ദ ഗിരിക്ക് ഇരിപ്പിടം നല്‍കിയതടക്കം വിവാദങ്ങള്‍ക്കൊന്നും വിശദീകരണമില്ലാതെയാണ് പത്രക്കുറിപ്പ്.
പാര്‍ട്ടി വിശദീകരണം പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ചര്‍ച്ച ഉയര്‍ത്തിയിരിക്കുകയാണ്. എകെജി തിരുവനന്തപുരത്താണ് അന്തരിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞാണ് വിലാപ യാത്രയായി മൃതദേഹം കണ്ണൂര്‍ പെരളശ്ശേരിയിലെത്തിച്ചു സംസ്കരിച്ചത്. അന്നു ഡോക്ടര്‍മാര്‍ വിലക്കിയില്ല. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കേ അന്തരിച്ച സുശീല ഗോപാലന്റെ ഭൗതിക ദേഹം ആലപ്പുഴയിലെത്തിച്ചാണ് സംസ്കരിച്ചത്. ഇ.കെ. നായനാരുടെ ഭൗതിക ദേഹം ദല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ച്, വിലാപ യാത്രയായി കണ്ണൂരിലെത്തിച്ചപ്പോഴും ഡോക്ടര്‍മാര്‍ വിലക്കിയില്ല. അന്നത്തെക്കാള്‍ പല മടങ്ങു സാങ്കേതിക വിദ്യ വളര്‍ന്നിരിക്കേ ഈ ന്യായം പറച്ചില് പരാജയമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം അറിയിച്ച് പത്രക്കുറിപ്പിറക്കാന്‍ ‘മറന്നുപോയ’ പാര്‍ട്ടി, വിവാദത്തിനു വിശദീകരണം പോലെ പത്രക്കുറിപ്പിറക്കിയത് എന്തുകൊണ്ടെന്ന പുതിയ ചോദ്യവുമുയരുന്നുണ്ട്. മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ വാര്‍ത്തകളില്‍ ഉയര്‍ന്ന എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം വേണം. എന്നാല്‍, അണികളില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നെന്നും വിവാദ ചര്‍ച്ചകള്‍ നടന്നെന്നും പാര്‍ട്ടി സമ്മതിക്കുന്നതാണ് പ്രസ്താവന.
വിവാദ വിഷയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തിയ ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ ജി. ശക്തിധരന് ഫേയ്സ്ബുക്കില്‍ ഇങ്ങനെ പ്രതികരിക്കുന്നു: ”പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്ത കാലം മുതല്ക്കേ പിണറായി വിജയന്റെ എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനിന്നു മുഖം നഷ്ടപ്പെട്ട സഖാവായിരുന്നു കോടിയേരി. പല സമ്മര്ദങ്ങളാല് പിണറായിയുടെ എല്ലാ വഴിവിട്ട ചെയ്തികള്‍ക്കും അനുസരണയോടെ കൂട്ടുനിന്ന കോടിയേരിയുടെ അന്ത്യം ഇങ്ങനെയായതില്‍ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇപ്പോഴും നീറുകയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: