കൊല്ലം: കോര്‍പ്പറേഷനില്‍ അമൃത് സെക്ഷനില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. കോടിക്കണക്കിന് രൂപയുടെ കരാര്‍ എടുത്തവരുടെ ഇഎംഡി ട്രഷറിയില്‍ മാറുന്നതിനിടെ ട്രഷറി ഉദ്യോഗസ്ഥന് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയാതെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് റിലീസിംഗ് ഓര്‍ഡര്‍ ക്രിത്രിമമായുണ്ടാക്കിയാണ് ഇഎംഡി മാറാന്‍ ശ്രമിച്ചത്.
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയാതെ നിരവധി ഫയലുകളിലാണ് വ്യാജ ഒപ്പിട്ട് തുകകള്‍ കൈപ്പറ്റിയിരിക്കുന്നത്. വ്യാജ ഒപ്പുകളിട്ട് ക്രമക്കേട് നടന്നത് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. അമൃത് സെക്ഷന്‍ എഞ്ചിനീയറിംഗ് സെക്ഷന്‍, അക്കൗണ്ട് സെക്ഷന്‍ എന്നിവ കേന്ദ്രീകരിച്ച് വന്‍ അനധികൃത ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് അവസാന ഉദാഹരണമാണെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ജി. ഗിരീഷ് ആരോപിച്ചു.
ഉദ്യോഗസ്ഥരും ഭരണസമിതിയും കരാറുകാരും ചേര്‍ന്ന് കോര്പ്പറേഷന് കൊള്ളയടിക്കുകയാണ്. ലക്ഷങ്ങള്‍ കൈക്കൂലി നല്കിയെന്നു മാത്രമല്ല ലക്ഷങ്ങള്‍ ചെലവാക്കി ഉദ്യോഗസ്ഥരുടെ വീടുകള്‍ മോടിപിടിപ്പിച്ചു നല്കിയെന്നുമുള്ള വാര്‍ത്തകള്‍ വരെയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും ടി.ജി. ഗിരീഷ് ആരോപിച്ചു. ഇക്കഴിഞ്ഞയാഴ്ചയാണ് കുടുംബശ്രീയില്‍ നടന്ന സാമ്പത്തികതട്ടിപ്പുകള്‍ പുറത്തുവന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഫണ്ടില്‍ നടന്ന തിരിമറി കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഏജന്‍സികള്‍ക്ക് പരാതി നല്‍കുന്നതോടൊപ്പം അഴിമതിക്കും വെട്ടിപ്പിനും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാരനെതിരെയും നടപടി എടുക്കാത്ത പക്ഷം കോര്‍പ്പറേഷനുള്ളില്‍ അനിശ്ചിതകാല സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: