വടക്കാഞ്ചേരി : ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കേസെടുത്ത് പോലീസ്. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു.
കേസ് അന്വേഷണത്തിനായി ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. അമിത വേഗത്തില്‍ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോമോനെ ഉടന്‍ പിടികൂടും. ഇയാള്‍ക്കായി അന്വേഷണം നടന്നുവരികയാണെന്നും പാലക്കാട് എസ്പിആര്‍ വിശ്വനാഥ് പറഞ്ഞു.
പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ രാത്രി 11.30 നുണ്ടായ അപകടത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. ഇതില്‍ അഞ്ച് പേര് വിദ്യാര്‍ത്ഥികളാണ്. ഒരാള്‍ കായികാധ്യാപകനും, മൂന്ന് പേര് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. മരിച്ചവരില്‍ ദേശീയ ബാസ്കറ്റ് ബോള്‍ താരം രോഹിത് രാജും ഉള്‍പ്പെടുന്നുണ്ട്.
അപകടത്തെ തുടര്‍ന്നെത്തിയ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ പരിക്ക് ഗുരുതരമായിരുന്നെങ്കിലും അത്യാഹിത നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അതിനിടെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഒളിവില്‍ പോയതായും റിപ്പോര്‍ട്ടുണ്ട്. ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: