കൊച്ചി : വടക്കാഞ്ചേരി അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടേയും അധ്യാപകന്റേയും മൃതദേഹം സ്കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ത്ഥികളും അധ്യാപകനും എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്.
സ്കൂളിലെ കായികാധ്യാപകനാണ് മരിച്ച വിഷ്ണു(33). ഇമ്മാനുവല്‍ സി.എസ് (17) , എല്‍ന ജോസ് (15), അഞ്ജന അജിത് (17), ദിയ രാജേഷ് (15), ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. മരിച്ച ബാക്കി മൂന്നുപേര്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ്. ദേശീയ ബാസ്കറ്റ് ബോള്‍ താരം രോഹിത് രാജും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്.
അപകടത്തില്‍ മരിച്ച ഒമ്പത് പേരുടേയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അഞ്ജന, ദിയ, ഇമ്മാനുവല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. എല്‍ന, ക്രിസ്, വിഷ്ണു എന്നിവരുടെ മൃതദേഹങ്ങള്‍ ആലത്തൂരിലെ ആശുപത്രിയിലാണുള്ളത്. മരിച്ച അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് സ്കൂളിലെത്തിച്ച ശേഷം പൊതുദര്‍ശനത്തിനു വെക്കുമെന്നാണ് സ്കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുമായി വിനോദ യാത്രയ്ക്കായി പുറപ്പെട്ട ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിക്കുന്നത്. അപകട സമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തില്‍ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെങ്കിലും അപകടകനില തരണം ചെയ്തു. അതേസമയം ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സതേടി ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: