വടക്കാഞ്ചേരി : ടൂറിസ്റ്റ് ബസ് കെഎസ്ആര്ടിസിയിലിടിച്ചുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോമോനാണ് വാഹനം ഓടിച്ചത്. ഇയാള്‍ അപകടത്തിന് ശേഷം ഇ.കെ. നായനാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജോമോന് ആശുപത്രിയില്‍ ചികിത്സയ്്ക്കായി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ഒന്നര മണിക്കൂറോളം പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവഴിച്ചശേഷമാണ് അവിടെ നിന്നും മടങ്ങിയത്.
എറണാകുളത്തു നിന്നും ബസ്സിന്റെ ഉടമസ്ഥരെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഡ്രൈവര്‍ പോയതെന്നാണ് സംശയിക്കുന്നത്. ഡ്രൈവര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമുണ്ടായില്ല. കൈയിലും കാലിലും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ചതവോ എല്ലുകള്‍ക്ക് പൊട്ടലോ സംഭവിച്ചിട്ടില്ലെന്ന് എക്സറേയില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം ജോമോന് ആശുപത്രിയില്‍ താന്‍ അധ്യാപകനാണെന്നാണ് ആദ്യം അറിയിച്ചത്. ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞത്. സംശയത്തെ തുടര്‍ന്ന് പിന്നീട് കുറേ ചോദിച്ചശേഷമാണ് ഇയാള്‍ താന്‍ ഡ്രൈവറാണെന്ന് വെളിപ്പെടുത്തിയതെന്നും ജോമോനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് വൈറ്റില മുതല്‍ തന്റെ ബസ്സിന്റെ മുന്നിലായി സഞ്ചരിച്ചിരുന്നു. റോഡിന്റെ മധ്യത്തിലായാണ് കെഎസ്ആര്‍ടിസി ഓടിക്കൊണ്ടിരുന്നത്. ഹോണടിച്ച് വണ്ടിയെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും കെഎസ്ആര്‍ടിസി ഇടതുഭാഗത്തേയ്ക്കെടുക്കുകയുമായിരുന്നു. ഇതോടെ ബസിന്റെ പിന്‍വശം തന്റെ ബസ്സില്‍ വന്നിടിച്ച് താന്‍ മറിഞ്ഞുവീഴുകയുമായിരുന്നു. അങ്ങനെയാണ് അപകടം സംഭവിച്ചെതെന്നാണ് ഡ്രൈവര്‍ അറിയിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
അമിത വേഗത്തില്‍ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍ഡിന് സമീപത്തായി കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചത്. ബസ് അമിത വേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
അപകടത്തിന് കാരണം സ്കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുള്ളിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: