ന്യൂദല്‍ഹി: വാര്‍ത്തകളിലെ സത്യം കണ്ടുപിടിക്കാന്‍ ഫാക്ട് ചെക്കിംഗ് നടത്തുന്ന മുഹമ്മദ് സുബൈര്‍ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് നൂപുര്‍ ശര്‍മ്മയെ പ്രവാചകനിന്ദ വിവാദത്തില്‍ കുടുക്കുക വഴിയാണ്. നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വരുന്ന ചര്‍ച്ചയുടെ വീഡിയോയില്‍ നിന്നും ഏതാനും സെക്കന്‍റുകള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുക വഴിയാണ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രവാചകനിന്ദ അടിച്ചേല്‍പിക്കപ്പെട്ടത്.
ഇപ്പോള്‍ ആ മുഹമ്മദ് സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിനുള്ള സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി വാര്‍ത്ത എന്‍ഡിടിവി പുറത്തുവിട്ടിരിക്കുകയാണ്. മുസ്ലിങ്ങള്‍ക്കെതിരായ വിവേചനം കണ്ടുപിടിക്കുകയും വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിന് പരിഗണിക്കുന്നതെന്നറിയുന്നു. വ്യാജവാര്‍ത്തകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ആള്‍ട്ട് ന്യൂസ് എന്ന കമ്പനിയില്‍ മുഹമ്മദ് സുബൈറിന്റെ പങ്കാളിയായ പ്രതീക് സിന്‍ഹയെയും നോബല്‍ സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയതിനെക്കുറിച്ചായിരുന്നു ഈ ചര്‍ച്ച. മുഹമ്മദ് സുബൈര്‍ നൂപുര്‍ശര്‍മ്മ പറഞ്ഞ മൂന്ന് സെക്കന്‍റ് വീഡിയോ പ്രചരിപ്പിക്കുക വഴി ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള മധ്യേഷ്യന്‍ രാഷ്‌ട്രങ്ങള്‍ പ്രതികരിച്ചു. ഇതിന്റെ ഫലമായി ഇസ്ലാം തീവ്രവാദികള്‍ ഏതാനും ഇന്ത്യന്‍ പൗരന്മാരുടെ കഴുത്തുവെട്ടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു.
300ല്‍ പരം വ്യക്തികള്‍ ഈ സാധ്യതാപട്ടികയിലുണ്ട്. ഒക്ടോബര്‍ 7ന് വിജയിയെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: