ശ്രീനഗര്‍: അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം പ്രമാണിച്ച് തന്നെ വീട്ടുതടങ്കലിലാക്കിയെന്ന പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തിയുടെ അവകാശവാദം നുണയാണെന്ന് ശ്രീനഗര്‍ പൊലീസ്. ട്വിറ്ററില്‍ അടച്ചുപൂട്ടിയ ഗേറ്റിന്റെ ചിത്രം പങ്കുവെച്ചാണ് തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു എന്ന് മെഹ്ബൂബ മുഫ്തി ആരോപിച്ചത്.
“കാര്യങ്ങളെല്ലാം പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നു എന്ന് വരുത്താന്‍ ആഭ്യന്തരമന്ത്രി കശ്മീരില്‍ ചുറ്റിയടിക്കുമ്പോള്‍ , പഠാനില്‍ നടക്കുന്ന തന്റെ ജോലിക്കാരന്റെ വിവാഹത്തിന് പോകണമെന്ന ലളിതമായ ആഗ്രഹം പ്രകടിപ്പിച്ചതിന് തന്നെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണ്.” – മെഹ്ബൂബ മുഫ്തി തന്റെ വീടിന്റെ താഴിട്ട് പൂട്ടിയ ഗേറ്റിന്റെ ഫോട്ടോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ശ്രീനഗര്‍ പൊലീസ് മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലാണെന്ന അവകാശവാദം തെറ്റാണെന്ന് അറിയിച്ച് രംഗത്ത് വന്നു.
അവര്‍ക്ക് പഠാനില്‍ വിവാഹത്തിന് പോകുന്നതിന് ഒരു തടസ്സവുമില്ലെന്നും ശ്രീനഗര്‍ പൊലീസ് അറിയിച്ചു. “പഠാനിലേക്ക് യാത്ര ചെയ്യുന്നതിന് മെഹ്ബൂബ മുഫ്തിക്ക് ഒരു തരത്തിലുള്ള വിലക്കുമില്ല. ഒരു മണിക്ക് പഠാനിലേക്ക് പോകണമെന്നാണ് അറിയിച്ചിരുന്നത്. അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഉള്ളില്‍ നിന്നുള്ള ഗേറ്റിന്റെ ചിത്രമാണ്. ആ ഗേറ്റ് ബംഗ്ലാവില്‍ താമസിക്കുന്നവര്‍ തന്നെ സ്വന്തം താഴിട്ട് പൂട്ടിയിരിക്കുകയാണ്. അവരുടെ വീടിന്റെ ഗേറ്റ് പൊലീസില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ആരും പൂട്ടിയിട്ടില്ല. അവര്‍ക്ക് എവിടേക്ക് പോകാനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. യാത്ര ചെയ്യാന്‍ അവര്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. “- ശ്രീനഗര്‍ പൊലീസ് പറയുന്നു.
എന്നാല്‍ ബാരാമുള്ള എസ് പി റയീസ് മൊഹമ്മദ് ഭട്ട് പഠാനില്‍ പോകുന്നതിന് വിലക്കുണ്ടെന്ന് തന്നെ അറിയിച്ചു എന്ന അവകാശവാദം മെഹ്ബൂബ മുഫ്തി വീണ്ടും ഉയര്‍ത്തുകയാണ്. ജമ്മു കശ്മീര്‍ പൊലീസ് വീടിന്റെ ഗേറ്റ് താഴിട്ടുപൂട്ടിയിരിക്കുന്നുവെന്നാണ് മെഹ്ബൂബ മുഫ്തിയുടെ അവകാശവാദം. എന്നാല്‍ ശ്രീനഗര്‍ പൊലീസ് അവരുടെ വാദം ആവര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: