ന്യൂദല്‍ഹി: യുദ്ധം അവസാനിപ്പിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
റഷ്യയുമായുള്ള ശത്രുത അവസാനിപ്പിക്കാനും സമാധാനസംഭാഷണങ്ങളും നയതന്ത്രചര്‍ച്ചകളും ആരംഭിക്കാനും പ്രധാനമന്ത്രി മോദി സെലന്‍സ്കിയോട് അഭ്യര്‍ത്ഥിച്ചു. ഈ സംഘര്‍ഷത്തിന് സൈനിക പരിഹാരമില്ലെന്നും സമാധാനശ്രമങ്ങളെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎന്‍ ചാര്‍ട്ടറും അന്താരാഷ്‌ട്ര നിയമങ്ങളും പരാമാധികാരവും രാജ്യങ്ങളുടെ ഭൗമ അഖണ്ഡതയും എല്ലാവരും ബഹുമാനിക്കണമെന്നും മോദി അറിയിച്ചു.
ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് നരേന്ദ്രമോദി ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനിടെ സമര്‍ഖണ്ഡില്‍ വെച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് ഫ്രാന്‍സും അമേരിക്കയും വലിയ പ്രധാന്യവും നല്‍കിയിരുന്നു. പുടിനും മോദിയുടെ വാക്കുകളെ സ്വീകരിച്ചിരുന്നു. ഈയൊരു സഹാചര്യത്തിലാണ് മോദി വീണ്ടും റഷ്യ-ഉക്രൈന്‍ സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നത്.
ഒരു കോണില്‍ നിന്നും സമാധാനത്തിനുള്ള ശ്രമങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് മോദിയുടെ ഇടപെടല്‍. റഷ്യ-ഉക്രൈന്‍ യുദ്ധം പരിഹരിക്കാനാവാത്ത പ്രതിസന്ധികളിലേക്കും ആണവയുദ്ധസാധ്യതകളിലേക്കും അനുനിമിഷം നീങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള വാതകവും എണ്ണയും ഇല്ലാതായതോടെ വലിയൊരു ഊര്‍ജ്ജപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. മഞ്ഞുകാലം അടുത്തു തുടങ്ങുന്നതോടെ അവര്‍ക്ക് വേണ്ട ഇന്ധനം നല്‍കാനാകട്ടെ അമേരിക്കയ്‌ക്ക് ആവുന്നുമില്ല.
ഏത് വിധേനെയും റഷ്യയെ നശിപ്പിക്കുകയും പുടിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്യുക എന്ന പിടിവാശിയിലാണ് അമേരിക്കയും നേറ്റോയും. ഇതിന്റെ ഭാഗമായി ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരെ ഒരുക്കുകയാണ് അവര്‍. അതേ സമയം, ഉക്രൈന്റെ ഭാഗത്ത് നിന്നുള്ള തിരിച്ചടികള്‍ കൂടി വരുന്നതോടെ ഇനി ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത് കേട്ട ഭാവമില്ലാതെ മുന്നോട്ട് പോവുകയാണ് അമേരിക്കയും യൂറോപ്പും. പുതിയ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ ശ്വാസംമുട്ടിക്കല്‍ തുടരുന്നതോടെ ഏത് നിമിഷവും റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന ഭീഷണി വര്‍ധിക്കുന്നു. ഈ പ്രതിക്ഷകള്‍ അസ്തമിച്ച സമയത്താണ് മോദി സമാധാനത്തിന്റെ ഭാഷ സംസാരിച്ചത്. ഇതിന് വലിയ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ആ സമാധാനപാതയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായി വരും. അതിന് മോദി ഒരുക്കമാണ്. ഇന്നത്തെ നിലയില്‍ പുടിന്‍ അനുസരിക്കുന്ന ഒരേയൊരു നേതാവ് മോദി തന്നെയാണ്. അമേരിക്കയ്‌ക്കും മോദി സമ്മതനാണ്. പക്ഷെ ഇരുശക്തികളെയും സമാധാനമേശയിലേക്കെത്തിക്കുകയാണ് ദുഷ്കരം. പക്ഷെ സമാധാനചര്‍ച്ചകള്‍ തുടങ്ങാതെ ലോകം തന്നെ ഇനി മുന്നോട്ട് പോകില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതുകൊണ്ട് മോദിയുടെ ഈ ചെറിയ സമാധാന സംഭാഷണങ്ങള്‍ നാളെ ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: