ന്യൂദല്‍ഹി: ഒരു ഡോളറിന് 80 രൂപ കവിയാതെ പടവെട്ടുകയായിരുന്നു ഇന്ത്യന്‍ രൂപ ഇത്രനാളും. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ രൂപ ഇപ്പോള്‍ ഡോളറിന് 81.48 എന്ന നിലയില്‍ ആയിരിക്കുന്നു. പക്ഷെ ഈ ഇടിവിലും കുലുങ്ങാതെ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും.
ഇതിന് ഒരു കാരണമുണ്ട്. ലോകരാഷ്‌ട്രങ്ങളിലെ മറ്റ് കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴും രൂപ തന്നെയാണ ഭേദം. ഉദാഹരണത്തിന് ഡോളറുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ കറന്‍സിയായ യൂറോയ്‌ക്ക് ഈ വര്‍ഷം 15 ശതമാനമാണ് ഇടിവുണ്ടായത്. ബ്രിട്ടീഷ് പൗണ്ടാകട്ടെ, ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ 19.75 ശതമാനം തകര്‍ച്ച നേരിട്ടു. ചൈനയുടെ യുവാന്‍ എന്ന കറന്‍സി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തോളം മൂല്യശോഷണം നേരിട്ടു. എന്നാല്‍ ഈ പട്ടികയില്‍ ഇപ്പോഴും മികച്ചുനില്‍ക്കുന്നത് ഇന്ത്യന്‍ രൂപ തന്നെ. രൂപയുടെ തകര്‍ച്ച 10 ശതമാനത്തില്‍ താഴെയാണ്- കൃത്യമായി പറഞ്ഞാല്‍ 8.7ശതമാനം. മുന്‍പൊരിക്കല്‍ 2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ രൂപ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ടിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രൂപ നഷ്ടപ്പെട്ട ഇടം തിരിച്ചുപിടിച്ച ചരിത്രവും ഉണ്ട്.
ജപ്പാനിലെ യെന്‍, സ്വിസ് ഫ്രാങ്ക്, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്ങ്, യൂറോ എന്നീ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ പറയുന്നു. അതായത് ഡോളറിന്റെ ഈ ശക്തിപ്പെടല്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്മേലുള്ള പലിശ നിരക്ക് കൂട്ടിയതുകൊണ്ട് ഉണ്ടായതാണ്. ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നും രൂപ ഇതിനെ അതിജീവിക്കുമെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. പണപ്പെരുപ്പ് അധികം ബാധിക്കാത്ത ജര്‍മ്മനി പോലും പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു.
അടിസ്ഥാനഘടകങ്ങള്‍ പരിശോധിച്ചാലും രൂപയെച്ചൊല്ലി ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. റിയല്‍ ഇഫക്ട് എക്സ് ചേഞ്ച് റേഞ്ച് (ആര്‍ഇഇആര്‍) പരിശോധിച്ചാല്‍ രൂപ മെച്ചപ്പെട്ടനിലയിലാണ്. ഇന്ത്യയുമായി വ്യാപാരബന്ധമുള്ള 40 രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്ത് തയ്യാറാക്കുന്ന വിനിമയനിരക്കാണ് ആര്‍ഇഇആര്‍. ഓരോ രാജ്യങ്ങളിലെ വിലക്കയറ്റം കൂടി പരിഗണിച്ച് തയ്യാറാക്കുന്നതാണ് ആര്‍ഇഇആര്‍. ഈ വിനിമയനിരക്കില്‍ രൂപയുടെ നിരക്ക് ഇപ്പോള്‍ 104നടുത്താണ്. ഇത് മെച്ചപ്പെട്ട നിലയാണ്.
ആര്‍ഇഇആര്‍ അധികം താഴ്ന്ന് നില്‍ക്കാനും ഉയര്‍ന്നുനില്‍ക്കാനും പാടില്ല. അധികം താഴ്ന്നാല്‍ ഇറക്കുമതി ചെലവ് താങ്ങാനാവാതെ വരും. അധികം ഉയര്‍ന്ന് നിന്നാല്‍ വിദേശനാണ്യനിക്ഷേപം എത്താതാകും. അതിനാല്‍ ആര്‍ഇഇആര്‍ മിതമായ നിലവാരത്തില്‍ നില്‍ക്കാനാണ് റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അമേരിക്ക ഡോളറിന് പലിശനിരക്ക് ഉയര്‍ത്തിയപ്പോള്‍ റിസര്‍വ്വ് ബാങ്കും റിപ്പോനിരക്ക് കൂട്ടിയത് അതുകൊണ്ടാണ്.
സുസ്ഥിരമായ വിനിമയനിരക്ക്, ബാഹ്യസ്വാധീനമില്ലാതെ പലിശ നിര്‍ണ്ണയിക്കാനാവുക, വിദേശമൂലധനം നിര്‍ബാധം പ്രവഹിക്കുക- ഇതെല്ലാം ഏത് രാജ്യത്തെയും കറന്‍സി ആരോഗ്യകരമായി നിലനില്‍ക്കാന്‍ ആവശ്യമായ നിര്‍ണ്ണായക ഘടകങ്ങളാണ്. അതുകൊണ്ട് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് സാധ്യമായ ചില ട്രപ്പീസ് കളിക്ക് തയ്യാറാവുകയാണ്. രൂപയുടെ വില അല്‍പം താഴാന്‍ അനുവദിക്കുക, ഒപ്പം പലിശനിരക്ക് അല്‍പം വര്‍ധിപ്പിക്കുക- ഇതാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് ശ്രമിക്കുന്നത്. ഇതുവഴി ഇന്ത്യയില്‍ നിന്നും വിദേശനിക്ഷേപം തിരിച്ചുപോകാതിരിക്കാനും വിപണികള്‍ തകരാതിരിക്കാനുമാണ് ശ്രമം.
യുഎസ് രൂപ വിനിയമനിരക്ക് 82 എന്ന നിലവാരത്തില്‍ നിന്നും മുകളിലേക്കുയര്‍ന്നാലേ ഇനി റിസര്‍വ്വ് ബാങ്ക് ഇടപെടൂ എന്ന് കൊടാക് സെക്യൂരിറ്റീസ് കറന്‍സ് ഡെറിവേറ്റീവ്സ് ആന്‍റ് ഇന്‍ററസ്റ്റ് റേറ്റ് ഡെറിവേറ്റീവ്സ് വിപിയായ അനിന്ദ്യ ബാനര്‍ജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: