കൊച്ചി: നിരോധനത്തെത്തുടര്‍ന്നു പോലീസ് മുദ്രവച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവ കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി ക്യാമ്പസ് നിഗൂഢതകളുടെ ദുര്‍ഗം. ഒരു വ്യാഴവട്ടം മുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന് മോഡലിനു തുടക്കം കുറിച്ച കൈവെട്ടു കേസിലാണ് കുഞ്ഞുണ്ണിക്കരയിലേക്കു മാധ്യമ ശ്രദ്ധയെത്തുന്നത്. കൈ വെട്ടാന്‍ പ്രതികള്‍ പരിശീലനം നേടിയത് പെരിയാറിലെ ഈ ദ്വീപിലുള്ള പിഎഫ്ഐ താവളത്തിലായിരുന്നു. പിന്നീട് പല വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പരിശീലനവും ഇവിടെ നടന്നെങ്കിലും ആ രാവണന്‍കോട്ടയ്ക്കു സീല്‍ വയ്ക്കാന്‍ കഴിഞ്ഞത് എന്‍ഐഎ കഴിഞ്ഞയാഴ്ച നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മാത്രം.
ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കുഞ്ഞുണ്ണിക്കരയെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി സൂക്ഷിക്കാന്‍ കാരണം. പെരിയാറിനാല്‍ ചുറ്റപ്പെട്ട ഇവിടേക്കു കടക്കാന്‍ ഒരു വഴിയേയുള്ളൂ. കുഞ്ഞുണ്ണിക്കര ഉള്‍ക്കൊള്ളുന്ന ദ്വീപിലേക്കു പ്രവേശിക്കാന്‍ രണ്ടു പാലമുണ്ടെങ്കിലും അതിലൊന്നിലൂടെയേ അവിടെയെത്താനാകൂ. രണ്ടാമത്തേതു ദ്വീപിന്റെ മറ്റൊരു പ്രദേശത്തേക്കാണു പോകുന്നത്. ഈ രണ്ടു ദേശങ്ങളും തമ്മില്‍ സുഗമമായ റോഡ് ഗതാഗതമില്ല. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ ഒളിത്താവളം കൂടിയായിരുന്നു ഈ ദ്വീപ്. രാത്രിയുടെ മറവില്‍ ഇവിടെ വന്നുപോയിരുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ നിരവധി.
ഓഫിസ് മാത്രം ഒരേക്കറോളം സ്ഥലത്താണ്. പോലീസിനു പോലും പ്രവേശിക്കാന്‍ അനുവാദമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിന്ദു-ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായിരുന്ന കുഞ്ഞുണ്ണിക്കര രണ്ടു പതിറ്റാണ്ടുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശമായത്. ഭൂരിപക്ഷമാകുന്നതു വരെ മറ്റു സമുദായങ്ങളില്‍നിന്നു മാര്‍ക്കറ്റ് വിലയെക്കാള്‍ ഉന്നത തുകയ്ക്കു ഭൂമി വാങ്ങിക്കൂട്ടി. ഭൂരിപക്ഷമായതോടെ ഭീഷണിപ്പെടുത്തി സ്ഥലം കൈക്കലാക്കിത്തുടങ്ങി. ഇവരെ അനുകൂലിക്കാത്തവര്‍ക്കു നാടുവിട്ടു പോകുകയോ നിശ്ശബ്ദരാകുകയോ ചെയ്യാതെ വയ്യെന്നായി. നിരോധിച്ചെങ്കിലും പെരിയാര്‍വാലി ക്യാമ്പസ്് നിരീക്ഷിക്കാനാളുണ്ട്. പുറത്തുനിന്നെത്തുന്നവരുടെ വീഡിയോയും അവര്‍ എടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: