സംഗീതവും ഭക്തിയും തമ്മില്‍ ദൃഢമായ ബന്ധമാണ് പണ്ടുതൊട്ടേയുള്ളത്. ഭക്തിബാഹ്യമായ സംഗീതകൃതികള്‍ ഭാരതത്തില്‍ തുലോം വിരളമാണ്. ഭക്തശിരോമണികളാണ് സംഗീതചരിത്രത്തിലെ അതികായന്മാരേറെയും. സംഗീതം എന്ന ശുദ്ധകല ഈശ്വരമഹിമയ്ക്കുസാക്ഷ്യം വഹിക്കുന്നു. ദേവതാനാമാവലികളാല് സമ്പന്നവും സമൃദ്ധവുമാണ് നമ്മുടെ സംഗീതചരിത്രം.
സംഗീതസാഹിത്യാദി സുകുമാരകലകള്‍ക്കെല്ലാം അധിദേവതാസങ്കല്പം ഭാരതീയാധ്യാത്മിക ശാസ്ത്രത്തിലുണ്ട്. ശ്വേതപദ്മാസനയും വീണാവരദണ്ഡമണ്ഡിതകരയുമായ ശ്രീസരസ്വതിതന്നെ ശ്രീവിദ്യയും ശ്രീകലയും. ആലോചനാമൃതമായ സാഹിത്യവും ആപാദമധുരമായ സംഗീതവും ശ്രീസരസ്വതിയുടെ കൃപാവരം.
നാദയോഗികളായിരുന്നു ത്യാഗരാജസ്വാമികളും മുത്തുസ്വാമിദീക്ഷതരും ശ്യാമശാസ്ത്രികളും. ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെപ്പോലെയാണിവര്. കര്‍ണാടകസംഗീതത്തിലെ കുലപതികള്‍ ഈ വാഗേയകാരന്മാരാകുന്നു.
അലൗകിക സംഗീതമാണ് കര്ണാടകസംഗീതമെന്ന് ഇവരുടെ ദേവീകൃതികള് സാക്ഷ്യപ്പെടുത്തുന്നു. പദാത്മകം, മന്ത്രാത്മകം, വര്‍ണാത്മകം എന്നിങ്ങനെ ശബ്ദസന്നിവേശവും സംവിധാനവും നിര്‍വഹിക്കുവാന്‍ ഇവര്‍ക്കുകഴിഞ്ഞു. ദേവ്യുപാസനയുടെ ഉത്തേജിതസൃഷ്ടികളാണ് ശ്യാമശാസ്ത്രികളുടെ കൃതികള്‍. ശ്രീചക്രതത്വവും ശ്രീവിദ്യാതന്ത്രവും ശ്യാമാശാസ്ത്രികളുടെ ദേവീകൃതികള്ക്ക് ദിവ്യവും നിഗൂഢവുമായ ഭാവപരിമളം നല്കുന്നു. ദേവിയെ അമ്മയായാണ് ശ്യാമശാസ്ത്രികള്‍ കണ്ടത്. വിശ്വമാതൃത്വത്തിലധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ ദേവീസങ്കല്പം.
ദീക്ഷിതരുടെ ഇഷ്ടദേവത ശ്രീ സുബ്രഹ്മണ്യനെങ്കിലും ദേവീകീര്‍ത്തനങ്ങള്‍ ധാരാളം അദ്ദേഹം എഴുതിയിട്ടുണ്ട്. നവരാത്രിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായത് മുത്തുസ്വാമിദീക്ഷിതരുടെ നവാവരണകൃതികളാണ്. ധ്യാനശ്ലോകം, മംഗളശ്ലോകം എന്നിവ ചേര്‍ത്താല്‍ പതിനൊന്ന് കൃതികള്‍. ഈ പതിനൊന്നുകീര്ത്തനങ്ങളുടെയും പല്ലവി തുടങ്ങുന്നത ‘കമലാംബാ’ എന്ന പദത്തോടെയാണ്. നവചക്രാത്മികാദേവിയുടെ ഒമ്പത് ആവരണങ്ങള്‍ ഒമ്പതുചക്രങ്ങളിലൂടെ ദീക്ഷിതര്‍ വരച്ചുകാണിക്കുന്നു.
അദ്വൈതവാദിയായ ഒരു ജ്ഞാനയോഗിയാണ് ദീക്ഷിതര്‍. സംഗീതവും സാഹിത്യവും മന്ത്രതന്ത്രങ്ങള്ക്കായി ഭാവപരിണാമം തേടുകയാണിവിടെ. ദീക്ഷിതരുടെ സംസ്കൃതഭാഷാപ്രയോഗം അനന്യമാണ്. ശബ്ദബ്രഹ്മമയിയാണ് ദേവി നവാവരണകൃതികളില്.
ത്യാഗരാജന് ജീവിതം ഭക്തിയായിരുന്നു. ഭക്തി ജീവിതമായിരുന്നു. ഈശ്വരദര്‍ശനം സിദ്ധിച്ച നാദയോഗി. ഇഷ്ടദേവത ശ്രീരാമനെങ്കിലും ദേവീസ്തവങ്ങളും ത്യാഗരാജന് എഴുതിയിട്ടുണ്ട്. ലളിതയും ശ്യാമളാദേവിയുമൊക്കെ കൃതികളില്‍ വിഭൂതിചാര്ത്തിയ തിരുവുടലോടെ നില്ക്കുന്നു. ശ്രീരാമന്റെ സഹോദരിയായാണ് ശ്യാമളാദേവിയെ ത്യാഗരാജന് വര്‍ണിക്കുന്നത്. ഈ സംഗീതത്രയത്തിന്റെ യഥാര്ത്ഥമഹിമ അറിയാന്‍ സംഗീതരസികനായാല് മാത്രം പോരാ, പരമഭക്തന്കൂടിയാവണം.
ആധ്യാത്മികതയിലധിഷ്ഠിതമായ ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ സൈദ്ധാന്തികഗ്രന്ഥമാണ് ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി. സൗന്ദര്യത്തിന്റെ അമൃതലഹരിതന്നെയിത്.
ഒരു നൂറുശ്ലോകങ്ങളടങ്ങിയ സൗന്ദര്യലഹരിക്ക് അമ്പതിലേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. മിക്ക പ്രാദേശികഭാഷകളിലും വിവര്‍ത്തനങ്ങളും കാണാം. തന്ത്രശാസ്ത്രവും മന്ത്രശാസ്ത്രവുമാണിത്. വേദസന്ദേശങ്ങളെല്ലാം ഇതിലുള്ളടങ്ങിയിരിക്കുന്നു. ആദ്യത്തെ നാല്പത്തിയൊന്നു ശ്ലോകങ്ങളില്‍ പരദേവതാതത്വവും ഷട്ചക്രഭേദനവും ശ്രീചക്രോദ്ധാരവുമാണുള്ളത്. നാല്പത്തിരണ്ടുമുതല് തൊണ്ണൂറ്റിയൊന്നുവരെയുള്ള ശ്ലോകങ്ങള്‍ പരദേവതയുടെ ആപാദചൂഡവര്‍ണനയാണ്. ഭഗവതിയുടെ സ്വരൂപവര്‍ണനയാണ് അവസാനത്തെ പത്തുശ്ലോകങ്ങള്‍.
ജ്ഞാനാത്മകമായ ആധ്യാത്മികതയുടെ ലാവണ്യമാണ് ശ്രീശങ്കരന്റെ സൗന്ദര്യലഹരി.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: