വി.എസ്. ബാലകൃഷ്ണപിള്ള
കേരളത്തില്‍ മാത്രമല്ല, ഭാരതമൊട്ടുക്കും ആഘോഷിച്ചുവരുന്ന ഒരു പുണ്യോത്സവമാണ് നവരാത്രി. ഭാരതത്തിന്റെ വൈവിധ്യമനുസരിച്ച് പല പേരുകളിലും രൂപഭാവങ്ങളിലുമാണ് ഈ ആഘോഷം നടന്നുവരുന്നത്. രാമനവമി, ദുര്‍ഗാഷ്ടമി, ആയുധപൂജ എന്നിവക്കാണ് മറ്റു സംസ്ഥാനങ്ങളില്‍ പ്രാധാന്യമെങ്കില്‍ സരസ്വതീപൂജയ്ക്കാണ് കേരളത്തില്‍ മുന്‍ഗണന. വിദ്യയുടെ ദേവതയായിട്ടാണ് സരസ്വതീദേവിയെ ആരാധിക്കുന്നത്. ആത്മവിദ്യ നേടിത്തരുന്ന ഗുരുവാണ് സരസ്വതി. വാണീദേവിയായ സരസ്വതി വെള്ളത്താമരയില് ഇരിക്കുന്നതായിട്ടാണ് സങ്കല്‍പ്പം. പരിശുദ്ധിയുടെയും പരബ്രഹ്മത്തിന്റെയും പ്രതീകമാണ് വെള്ളത്താമര.
ജ്ഞാനലബ്ധിക്കായി വിദ്യാധിദേവതയായ സരസ്വതീദേവിയുടെ തിരുമുമ്പില്‍ ഗ്രന്ഥങ്ങള്‍ പൂജയ്ക്കുവച്ച് ശുദ്ധഹൃദയത്തോടെ പ്രാര്‍ത്ഥിക്കുന്നു. ഭക്തിനിര്‍ഭരമായ ആചാരാനുഷ്ഠാനങ്ങളോടെയാണ് വിജ്ഞാനത്തിന്റെ ശ്രീകോവിലിലേക്ക് ബാലികാബാലന്മാര് കടന്നുവരുന്നത്. വിദ്യാധീശ്വരിയായ ദേവിയെ ആരാധിച്ചശേഷം ആചാര്യന് കുട്ടിയെ വിരലുകൊണ്ട് അരികിലും സ്വര്‍ണംകൊണ്ട് നാവിലും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നു. ‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന് ഗുരു ആലേഖനം ചെയ്യുന്നതിന്റെ പൊരുള്‍ എന്താണെന്ന് നോക്കാം. ഏതൊരു പ്രവൃത്തിയും ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. മനസ്സിലെ ദുര്‍വാസനകളെ നശിപ്പിച്ച് മനസ്സിനെയും ബുദ്ധിയെയും സംരക്ഷിക്കുന്ന ഭഗവാനാണ് ഹരി. സദ്ഗുണങ്ങള്കൊണ്ടേ ജീവിതം ശോഭനമാകൂ. ആ ദൈവികസമ്പത്ത് നേടാനാണ് ശ്രീയെ, മഹാലക്ഷ്മിയെ വണങ്ങുന്നത്. ജ്ഞാനസമ്പാദനം യാതൊരു മുടക്കവും കൂടാതെ തുടര്‍ന്നുപോകുന്നതിന് വേണ്ടിയാണ് വിഘ്നേശ്വരനായ ഗണപതിയെ സ്തുതിക്കുന്നത്.
അറിവിന്റെ തിരിനാളങ്ങള്‍ മാത്രമായ ഗ്രന്ഥങ്ങളും എല്ലാവിധ ആയുധങ്ങളും ആദരപൂര്‍വം പൂജിക്കപ്പെടുന്നു. ആഹാരത്തിനുള്ള വക കണ്ടെത്താന്‍ സഹായിക്കുന്ന പണിയായുധങ്ങളും ആരാധിക്കപ്പെടേണ്ടതുതന്നെയാണ്. ആയുധമെന്നാല് ആക്രമണത്തിനുള്ള ഒന്നാണെന്നു മാത്രം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം ആ പഴയ ദര്‍ശനത്തെ കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. ഈ ആരാധനയില്‍ മതത്തിനും മറ്റു വിഭാഗീയ ചിന്താഗതികള്‍ക്കും അതീതമായ ഒരു സത്യമുണ്ട്. വിദ്യയെ ആദരിക്കാനുള്ള മനുഷ്യന്റെ തിരിച്ചറിവ്. ആ പാഠമാണ് നാം ഉള്‍ക്കൊള്ളേണ്ടത്. വിദ്യാഭിവൃദ്ധിക്കു മാത്രമല്ല, എല്ലാവിധ രോഗങ്ങളും ശമിച്ച് ആയുരാരോഗ്യം സിദ്ധിക്കാനും ദുര്‍ഗാപൂജ അത്യന്തം വിശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: