കരുനാഗപ്പള്ളി: പോപ്പുലര്‍ഫ്രണ്ടിന്റെ(പിഎഫ്ഐ) കരുനാഗപ്പള്ളിയിലെ ദക്ഷിണമേഖല ഓഫീസില്‍ ആയുധ പരിശീലനം ഉള്‍പ്പെടെ നടന്നതായി പോലീസ് സ്ഥിരീകരിച്ചു. പത്ത് മാസം മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ്, മാസങ്ങള്‍ക്കു ശേഷം പോലീസ് സ്ഥിരീകരിച്ചത്.
പാലക്കാട് സഞ്ജിത്ത് കൊലപാതകത്തെ തുടര്‍ന്ന് 2021 നവംബര്‍ 29ന് കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപം കാരുണ്യ കേന്ദ്രം എന്ന പേരിലുള്ള തീവ്രവാദ കേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അപ്പോള്‍ നിരവധി പേര് മൂന്നു നിലകെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഇവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. സംശയമുള്ള ചിലരെ പോലീസ് പ്രത്യേകം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനോ, തുടരന്വേഷണം നടത്താനോ തയ്യാറായില്ല.
കാരുണ്യ കേന്ദ്രം എന്ന പേരിലുള്ള ഓഫീസിന്റെ പ്രവര്‍ത്തനം ഏറെ ദുരൂഹമാണെന്നും ഇവിടെ ആയുധ പരിശീലനം ഉള്‍പ്പെടെ നടക്കുന്നതായും നവംബര്‍ 30ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതാണിപ്പോള്‍ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. അന്നു നടത്തിയ പോലീസ് പരിശോധനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. പരിശീലനത്തിന് എത്തിയവരെ നിരവധി പേരെ ദൃശ്യങ്ങളില്‍ കാണാം. പരിശോധന വിവരം അറിഞ്ഞെത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ വന്നു പോകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് നിരന്തരം വിവരം ലഭിച്ചിരുന്നെങ്കിലും റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് പോയിരുന്നില്ല. അടിമുടി ദുരൂഹതയിലായിരുന്നു കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലര്‍ഫ്രണ്ട് ദക്ഷിണമേഖലാ ഓഫീസിന്റെ പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രത്തില്‍ ഉയര്‍ന്ന മതിലിനാല്‍ ചുറ്റപ്പെട്ട മൂന്നുനില കെട്ടിടത്തില്‍ നടക്കുന്നതൊന്നും പുറംലോകം അറിയില്ല.
പുറത്തേക്ക് അധികം വാതിലോ ജനാലുകളോ ഇല്ല. ജനാലകളില്‍ സണ്‍ ഫിലിം ഗ്ലാസുകള്‍ ഒട്ടിച്ചിരിക്കുന്നതിനാല്‍ അകത്തെ കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഇവരെക്കുറിച്ച് നാട്ടുകാര്‍ക്ക് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. കഴിഞ്ഞദിവസം ഇവിടെ നിന്നാണ് പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പോലീസ് അറസ്റ്റു ചെയ്തത്. എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ഈ ഓഫീസ് പൂട്ടി സീല്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: