അഹമ്മദാബാദ്: പഞ്ചാബില്‍ ആവര്‍ത്തിച്ച അതേ കപടതന്ത്രങ്ങള്‍ കെട്ടഴിച്ചുവിടുന്നതിനിടെ ഗുജറാത്തില്‍ ആം ആദ്മിക്കും കെജ്രിവാളിനും തിരിച്ചടി. ഓട്ടോറിക്ഷക്കാരുടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ പ്രചരിപ്പിക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം പക്ഷെ ഗുജറാത്തില്‍ പൊളിഞ്ഞു.
അരവിന്ദ് കെജ്രിവാള് പൊലീസുകാരനുമായി വഴക്കിട്ട് ഗുജറാത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ കയറിയിരിക്കുന്നു. സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നതിനാല് ഓട്ടോറിക്ഷയില്‍ പോകരുതെന്നാണ് പൊലീസുകാരന് കെജ്രിവാളിനോട് പറയുന്നത്. എന്നാല്‍ കെജ്രിവാള് പൊലീസുകാരനെ ചീത്തവിളിച്ച് ഓട്ടോറിക്ഷയില്‍ കയറിയിരിക്കുന്നു. (വീഡിയോയ്ക്ക് എരിവും പുളിയും കിട്ടാന്‍ ഇതും ആം ആദ്മി സൃഷ്ടിക്കുന്ന നാടകമാണ്.)നേരെ ഓട്ടോറിക്ഷക്കാരന്റെ വീട്ടില്‍ എത്തി കെജ്രിവാള് വെറും തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. അതിനിടയില്‍ എത്ര രൂപ സമ്പാദിക്കുന്നുവെന്ന് കെജ്രിവാള് ചോദിക്കുന്നു. ദിവസം 300 രൂപ എന്നാണ് ഓട്ടോക്കാരന്റെ മറുപടി. ഗുജറാത്തിലെ അധികാരത്തിലിരിക്കുന്ന നേതാക്കള്‍ (ബിജെപി നേതാക്കള്‍) ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടാത്തതിനാല്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുകയാണെന്ന് കെജ്രിവാള് ഓട്ടോക്കാരനോട് പറയുന്നു. ദല്‍ഹിയിലെ ആം ആദ്മി മുഖ്യമന്ത്രി സാധാരണക്കാരുെട പ്രതിനിധിയാണെന്ന് വീഡിയോ കണ്ട് മനസ്സിലാക്കുന്നതോടെ അവരുടെ വോട്ടുകളെല്ലാം ആം ആദ്മിയുടെ പെട്ടിയിലേക്ക്. ഇതായിരുന്നു ആം ആദ്മിയുടെ ലക്ഷങ്ങള്‍ ചെലവിട്ട് നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം. പക്ഷെ ഇത് ഗുജറാത്തില്‍ പാളി.
ബിജെപി ദല്‍ഹി യൂണിറ്റ് നേതാവ് തജീന്ദര്‍ പാല് സിങ്ങ് ബഗ്ഗയാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍ കഴുത്തില്‍ കാവിഷാള്‍ അണിഞ്ഞ് മറ്റ് ബിജെപി നേതാക്കളുടെ ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല, താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനാണെന്നും ഈ ഓട്ടോ ഡ്രൈവര്‍ പറയുന്നതായി തജീന്ദര്‍ ബഗ്ഗ വെളിപ്പെടുത്തുന്നു.
ചെറിയ പ്രായം മുതലേ താന്‍ നരേന്ദ്രമോദിയുടെ ആരാധകനാണെന്നും ഈ ഓട്ടോ ഡ്രൈവര്‍ പറയുന്നു. അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ച ഓട്ടോ ഡ്രൈവര്‍ പ്രധാനമന്ത്രി മോദിയുടെ റാലിയില്‍ പങ്കെടുത്ത വ്യക്തിയാണെന്നും ബഗ്ഗ ട്വീറ്റില്‍ പറയുന്നു. തജീന്ദര്‍ ബഗ്ഗയുടെ നേതൃത്വത്തില്‍ ആം ആദ്മിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: