ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ചെയ്യാന്‍ കഴിയാതിരുന്ന പല കാര്യങ്ങളും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ സമാഹരിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമര്‍ശനം.
മുത്തലാഖ് ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത മികച്ച കാര്യങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന് എണ്ണിയെണ്ണിപ്പറഞ്ഞു. “മുത്തലാഖ് നിരോധിച്ച മോദിയുടെ തീരുമാനം ചരിത്രപരമാണ്. മുസ്ലിം സ്ത്രീകളുടെ രക്ഷകനായി പ്രധാനമന്ത്രി മോദി ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും”- ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. താഴെത്തട്ടില്‍ നിന്നും പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായതിനാല്‍ എല്ലാവരെയും ഉള്‍ച്ചേര്‍ത്ത് മുന്നോട്ട് പോകാന്‍ മോദിക്ക് കഴിയുന്നുവെന്നും ആരിഫ് മുഹമ്മദ്ഖാന് പറഞ്ഞു.
‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്- പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദി സ്പീക്സ് ‘ എന്ന പുസ്തകത്തില്‍ മോദി 2019 മുതല്‍ 2020 മെയ് മാസം വരെ നടത്തിയ പ്രസംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 86 പ്രസംഗങ്ങളാണ് ആകെയുള്ളത്.
വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുള്ളതെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡും അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി അനുരാഗ് സിങ്ങ് താക്കൂര്‍ പ്രസംഗിച്ചു. പുസ്തകം ഹിന്ദിയിലും ഇംഗ്ലീഷിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: