കാഞ്ഞാണി: മരണശേഷം കണ്ണുകള്‍ ദാനം ചെയ്ത എറവ് ചാലിശ്ശേരി കുറ്റൂക്കാരന്‍ വര്‍ക്കിയുടെ കണ്ണുകള്‍ മറ്റുള്ളവര്‍ക്ക് നാളെയുടെ വഴികാട്ടിയാകും. എറവ് വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ ഇടപെടലില്‍ വര്‍ക്കിയുടെ രണ്ട് കണ്ണുകള്‍ ഐ ബാങ്കിന് കൈമാറി.
എറവ് ആറാംകല്ലിലെ ഏവര്‍ക്കും സുപരിചിതനായിരുന്നു അന്തോണി എന്ന വര്‍ക്കി (69). ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടു മാസത്തോളമായി ഇദ്ദേഹം കിടപ്പിലായിരുന്നു. ഇന്നലെ മരണമടഞ്ഞ കൃഷിപ്പണിക്കാരനായിരുന്നവര്ക്കിയുടെ ഇരു കണ്ണുകളുമാണ് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയിലേക്ക് കൈമാറിയത്. മക്കളുടെ സമ്മതപ്രകാരം ഐ ബാങ്ക് അസോസിയേഷന് കേരളയുടെ ടെക്നീഷ്യന് സി.കെ. റോബിനും സഹായിയും കൂടി ആംബുലന്‍സുമായി എത്തി മൃതദേഹത്തില്‍ നിന്നും 20 മിനിറ്റ് സമയം കൊണ്ട് ഇരു കണ്ണുകളുടെയും കൃഷ്ണമണികള്‍ ( കോര്‍ണിയ ) എടുത്തു. കോര്ണിസോള് എന്ന മീഡിയത്തിലാണ് ഇവ സൂക്ഷിക്കുന്നത്. 14 ദിവസം വരെ ഇത്തരത്തില്‍ സൂക്ഷിക്കാനാകും.
വര്‍ക്കിയുടെ ശരീരത്തില്‍ നിന്ന് 5 എം.എല്‍. രക്തവും ശേഖരിച്ചിട്ടുണ്ട്. സിറോളജി ടെസ്റ്റ് നടത്തി നെഗറ്റീവ് ആയെങ്കില്‍ മാത്രമാണ് കൃഷ്ണമണി മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. നേത്രദാനത്തിനായി ഐ ബാങ്കിന് സൗകര്യമൊരുക്കി കൊടുത്തത് എറവ് സെ. തെരേസാസ് കപ്പല്‍ പള്ളിക്കു കീഴിലുള്ള സെ.വിന്‍സെന്റ് ഡി പോള്‍ സംഘടനയാണ്. പ്രസിഡന്റ് പി.കെ. ഡേവിസ് നേതൃത്വം നല്കി. മറ്റു കാരുണ്യ പ്രവര്‍ത്തികള്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിന്‍സെന്റ് ഡി പോള്‍ സംഘടന നേത്രദാന പരിപാടികള്‍ക്ക് മുന്‍കൈ എടുക്കുന്നത്. മരണം നടന്ന വീടുകളിലെത്തി മരിച്ച വ്യക്തികളുടെ ഉറ്റവരോട് സംസാരിച്ച് നേത്രദാനത്തിന്റെ മഹത്വവും, ഗുണവും മറ്റും സംസാരിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കും. ഒന്നര മാസം മുന്‍പ് മരണപ്പെട്ട എറവ് സ്വദേശി എടക്കളത്തൂര്‍ ജോസിന്റെ കണ്ണുകളും വിന്‍സെന്റ് ഡിപോള്‍ സംഘടന ഇടപെട്ട് ദാനം ചെയ്തിരുന്നു.
ജസീന്തയാണ് മരിച്ച വര്‍ക്കിയുടെ ഭാര്യ. മക്കള്‍ : റോണി, സോണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: