കണ്ണൂര്‍: ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലുടനീളം നടത്തിയ അക്രമങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ റെയിഡുമായി കേരള പോലീസ്. കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ സ്ഥാപനങ്ങളിലാണ് പോലീസ് റെയിഡ്. താണ, പ്രഭാത് ജങ്ഷന്, മട്ടന്നൂര്‍, ചക്കരകല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ആണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരേ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി നൂറിലേറെ പേരെ അറസ്റ്റു ചെയ്തിട്ടും കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലും വലിയ തോതിലുള്ള അക്രമങ്ങളും നടന്നതെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ പ്രതിരോധത്തിലായ കേരളാ പോലീസ് റെയിഡുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
താണയിലെ ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ട്ടില്‍ നിന്ന് കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പ്രഭാത് ജങ്ഷനിലെ സ്പൈസ് മാനിലും പരിശോധന നടക്കുന്നുണ്ട്. ഹര്‍ത്താലിന്റെ ഗൂഢാലോചനയുടെ ഉറവിടം, സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധമുള്ളതും ഓഹരി പങ്കാളിത്തമുള്ളതുമായ സ്ഥാപനങ്ങളിലാണ് പരിശോധന.
വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. 70 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്ത അവര്‍ ഇതര വാഹനങ്ങളും ആക്രമിച്ചു. പത്തു െ്രെഡവര്‍മാരും പോലീസുകാരും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തോടനുബന്ധിച്ച് പോലീസ് 281 കേസുകളാണ് എടുത്തിട്ടുള്ളത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമം നേരിടുന്നതില്‍ സംസ്ഥാന പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് സൂചന. മിന്നല്‍ ഹര്‍ത്താലില്‍ അക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. മുമ്പും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുകള്‍ അക്രമാസക്തമായിരുന്നു. അതുപോലെ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പ് ആഭ്യന്തര വകുപ്പ് അവഗണിച്ചെന്നാണ് സംശയിക്കേണ്ടത്. പലയിടങ്ങളിലും പോലീസ് തികഞ്ഞ നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ട്. കണ്മുമ്പില് അക്രമങ്ങള്‍ നടന്നിട്ടും പോലീസ് ലാത്തിയും തൂക്കി നില്ക്കുന്ന വീഡിയോകളാണ് പുറത്തു വന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: