കൊല്ലം: ആലാട്ട്കാവ് ഡിവിഷനിലെ കുടുംബശ്രീ അക്കൗണ്ട് വഴി ലക്ഷങ്ങള്‍ തിരിമറി നടത്തിയ സംഭവത്തില്‍ അംഗങ്ങള്‍ക്ക് നേരെ ഭീഷണിയുമായി സിപിഎം നേതൃത്വം. ആലാട്ട്കാവ് ഡിവിഷന് കൗണ്‍സിലറും സിപിഎം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി അംഗവുമായ രാജേന്ദ്രന് പൊന്‍പുലരി കുടുംബശ്രീ അകൗണ്ട് വഴി 17.17 ലക്ഷം രൂപ തിരിമറി നടത്തിയത് പിടിക്കപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.
രാജേന്ദ്രന്റെ ഭാര്യ കാവേരിയാണ് കുടുംബശ്രീ സെക്രട്ടറി. എന്നാല്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നത് കുടുംബശ്രീയിലെ മറ്റ് അംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. മരുത്തടിയിലെ സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലാണ് ലക്ഷങ്ങള്‍ വന്നതും സിപിഎം നേതാക്കള്‍ മാറി എടുത്തതും. അക്കൗണ്ടിലൂടെ അനധികൃത ട്രാന്‍സാക്ഷനുകള്‍ ശ്രദ്ധയില്‍പ്പെട്ട അംഗങ്ങള്‍ ബാങ്കില്‍ എത്തി സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് തിരിമറി തിരിച്ചറിഞ്ഞത്.
എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ചതായും ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിച്ചതായും ബാങ്ക് രേഖകളിലുണ്ട്. എന്നാല്‍ കുടുംബശ്രീ അക്കൗണ്ടിന് എടിഎം കാര്‍ഡ് ഉള്ളതായും ഇത്രയേറെ ചെക്കുകളും ഉപയോഗിച്ചതും അംഗങ്ങള്‍ക്ക് പോലും അറിയില്ല. ബാങ്ക് രേഖകളും മിനിട്ടും കമ്മിറ്റികളില്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിരുന്നില്ല.
സിപിഎം നേതാവ് കൂടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ ചില കരാറുകളുടെ പണമാണ് ഇതെന്നുമുള്ള ആരോപണം ഉയരുന്നത്. അഴിമതിയാണ് ഇതിന് പിന്നില്‍ എന്നാണ് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നത്. കുടുംബശ്രീ സെക്രട്ടറിക്കും പ്രസിഡന്റിനും ഇതില്‍ പങ്കുണ്ട്. അഴിമതി ചോദ്യം ചെയ്ത മറ്റ് അംഗങ്ങളെ കുടുംബശ്രീയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയും ഉണ്ടായി. ജില്ലാ കളക്ടര്‍, കുടുംബശ്രീ മിഷന്, വിജിലന്‍സ്, മേയര്‍, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നാണ് അംഗങ്ങളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: