ചിലര്‍ ആനയെ കണ്ടതുപോലെ എന്നുകേട്ടിട്ടില്ലെ. കാല്തൊട്ടവന് പറയും ആന ഉരള്പോലെയാണെന്ന്. ചെവി തൊട്ടവന് പറയും ആന മുറം പോലെയെന്ന്. വാല്പിടിച്ചവന് പറയും ആനയെ എനിക്ക് നന്നായറിയാം. ആന ചൂല് പോലെയാണെന്ന്. അതുപോലെയാണ് ചിലരുടെ ആര്‍എസ്എസ് വിലയിരുത്തല്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നതു കെട്ടില്ലെ, ആര്‍എസ്എസ് ട്രെയിനിംഗ് കഴിഞ്ഞവരെല്ലാം കൊലക്കേസില്‍ പ്രതികളാണെന്ന്. കേരളത്തിലെ കൊലപാതക കേസുകള്‍ നോക്കിയാല്‍ ഒരു ഭാഗത്ത് ആര്‍എസ്എസ് ആണെന്ന് കാണാനാകുമെന്നും പിണറായി പറഞ്ഞു. വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ടുകാരുടെ മുദ്രാവാക്യം കേട്ടില്ലെ. എന്‍ഐഎയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന്. ദല്‍ഹിയില്‍ കോണ്‍ഗ്രസ് വക്താവ് പറഞ്ഞ കഥ മറ്റൊന്ന്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത് ഭാരത് ജോഡോ യാത്രയുടെ പ്രഭാവം മൂലമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞത്.
ഭാരത് ജോഡോ യാത്ര തുടങ്ങി 15 ദിവസം മാത്രം കഴിയുമ്പോള്‍ തന്നെ ഫലം കണ്ടു തുടങ്ങിയെന്നാണ് വാദം. ‘മോഹന്‍ ഭാഗവത് ഇതരമതസ്ഥന്റെ വീട്ടില്‍ പോകുന്നു.’ ഇതെല്ലാം ഭാരത് ജോഡോ യാത്രയുടെ പ്രഭാവമാണെന്നാണ് ഗൗരവ് പറയുന്നത്. യാത്ര അവസാനിക്കുന്നതോടെ, രാജ്യത്ത് ഭരണകക്ഷി സൃഷ്ടിച്ചിരിക്കുന്ന വിഭാഗീയതയും വിദ്വേഷവും അപ്രത്യക്ഷമാകും. രാഹുല്‍ഗാന്ധിക്കൊപ്പം ദേശീയ പതാക കൈയിലേന്തി നടക്കണം. കോണ്‍ഗ്രസ് നേതാവ് പവന് രേഖയും സമാനമായ ട്വീറ്റുമായി രംഗത്തെത്തി. വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ മന്ത്രിമാര്‍ ഒറ്റപ്പെടുന്ന ഘട്ടത്തിലാണ് മോഹന്‍ ഭാഗവത് ഇമാമുമാരുമായി കൂടിക്കാഴ്ചയ്ക്കു തയ്യാറാകുന്നതെന്ന് പവന് ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച ഡല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധിമാര്‍ഗിലെ പള്ളിയിലും ആസാദ് മാര്‍ക്കറ്റിലെ മദ്രസയിലുമാണ് മോഹന്‍ ഭാഗവത് സന്ദര്‍ശനം നടത്തിയത്. മദ്രസയില്‍ അധ്യാപകരും കുട്ടികളുമായി അദ്ദേഹം ഒരു മണിക്കൂറോളം സംവദിച്ചു. ചുരുക്കിപറഞ്ഞാല്‍ ആര്‍എസ്എസിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്നുതന്നെയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ-സാംസ്കാരിക സേവന സംഘടനയാണ് സര് ആര്‍എസ്എസ്. മാറാരോഗം വരുമ്പോഴും, പ്രളയം വന്നാലും ആദ്യം ഓര്‍ക്കുന്ന പേര് ആര്‍എസ്എസിന്റേതാണ്. ആര്‍എസ്എസിനെ അനാവശ്യമായി ആക്ഷേപിച്ചിരുന്ന നെഹ്രു 1963 ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതും പരേഡില്‍ പങ്കെടുത്തും ചരിത്രസംഭവമാണ്. അതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് സംശയം വന്നെങ്കില്‍, കാരണം യുദ്ധത്തിലെ എതിര്‍ചേരി ചൈനയായതാകാം. ആര്‍എസ്എസ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ നോക്കുന്നു എന്നതാണ് ഒരാരോപണം. ഭാരതത്തെ ആരെങ്കിലും ഹിന്ദുരാഷ്ട്രമാക്കേണ്ടതുണ്ടോ? ഭാരതം ചിരപുരാതനമായി തന്നെ ഹിന്ദുരാഷ്ട്രമല്ലെ? ഹിന്ദുരാഷ്ട്രത്തിലല്ലേ മതേതരത്വം പുലരൂ. പാകിസ്ഥാന് ഇസ്ലാമിക രാഷ്ട്രമായതോടെ മതേതരത്വം നഷ്ടമായില്ലേ. മതേതര രാഷ്ട്രത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ആര്‍എസ്എസ് തലവന്‍ ഇതരമതസ്ഥരുമായി ആശയവിനിമയവും ആഴത്തിലുള്ള ചര്‍ച്ചകളും ശീലമുള്ളതല്ലെ.
ദല്‍ഹിയില്‍ മുസ്ലിം പള്ളി സന്ദര്‍ശിച്ച് മുഖ്യ പുരോഹിതനുമായി ചര്‍ച്ച നടത്തിയതും അതിന്റെ തുടര്‍ച്ചയാണ്. ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് മേധാവിയായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലേറെയാണ് ചര്‍ച്ച നടത്തിയത്. രാജ്യത്തിന് മികച്ച സന്ദേശം നല്കുന്ന കൂടിക്കാഴ്ചയായിരുന്നുവെന്നും ഒരു കുടുംബത്തെപ്പോലെ ചര്‍ച്ചകള്‍ നടത്തിയെന്നും ഉമര്‍ അഹമ്മദിന്റെ മകന് സുഹൈബ് ഇല്യാസി പറഞ്ഞത് വെറും വാക്കല്ല. കഴിഞ്ഞ ദിവസം അഞ്ച് മുസ്ലിം പ്രമുഖരുമായി മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് പള്ളിയിലെത്തി മുഖ്യപുരോഹിതനുമായി കൂടിക്കാഴ്ച നടത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആര്‍എസ്എസ് വക്താവ് സുനില്‍ അംബേദ്ക്കര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മുസ്ലിം വിഭാഗത്തിലെ അഞ്ച് പ്രമുഖരുമായി ബുധനാഴ്ച ഭാഗവത് 75 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വി.ഖുറേഷിയും ഉള്‍പ്പെട്ടിരുന്നു. കൂടിക്കാഴ്ച ‘ക്രിയാത്മകവും വ്യക്തവും’ ആയിരുന്നെന്നും ഇരുവിഭാഗത്തിനും ആശങ്കയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നും ഖുറേഷിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ഗ്യാന്‍വാപി പള്ളി കേസിന്റെ പശ്ചാത്തലത്തില്‍ ‘എല്ലാ മുസ്ലിം പള്ളിക്കു കീഴിലും ശിവലിംഗം ഉണ്ടോയെന്നു നോക്കണമെന്ന’ പ്രസ്താവന ചോദ്യം ചെയ്ത് മോഹന്‍ ഭാഗവത് രംഗത്തെത്തിയതിനു ഏതാനും ആഴ്ചകള്‍ക്കുശേഷം ഓഗസ്റ്റില്‍ തന്നെ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടന്നിരുന്നു.
‘രാജ്യത്ത് ഭീതി പരക്കുന്നതായി മോഹന്‍ ഭഗവതിനും വ്യക്തമായി. രാജ്യത്ത് ഇപ്പോഴുള്ള സ്വരച്ചേര്‍ച്ചയില്ലാത്ത അവസ്ഥയില്‍ അദ്ദേഹം സന്തുഷ്ടനല്ല. അതു പൂര്‍ണമായും തെറ്റാണ്. സഹകരണത്തോടെയും യോജിപ്പിലൂടെയും മാത്രമേ രാജ്യത്തിനു മുന്നോട്ടുപോകാനാകൂ.’ ഭാഗവത് പറഞ്ഞതായി ഖുറേഷി കൂട്ടിച്ചേര്‍ത്തു. ‘ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഗോവധത്തെക്കുറിച്ചും ഭാഗവത് സംസാരിച്ചു. എന്നാല്‍ രാജ്യമെങ്ങും ഇപ്പോള്‍ ഗോവധ നിരോധനം നടപ്പാക്കിയതുപോലെയാണെന്നു ഞങ്ങള്‍ പറഞ്ഞു. മുസ്ലിംകള് നിയമം അനുസരിക്കുന്നവരാണ്. ആരെങ്കിലും അതു ലംഘിച്ചാല്‍ വലിയ തെറ്റാണ്. അതിനു ശിക്ഷയുണ്ടാകണം. മുസ്ലിംകളും ഇന്ത്യക്കാരാണ്. ഇക്കാര്യം പറഞ്ഞപ്പോള്‍ നമ്മള് ഒരേ ഡിഎന്‍എ ഉള്ളവരാണെന്നും ഇവിടുത്തെ ഭൂരിപക്ഷം മുസ്ലിംകളും മതപരിവര്‍ത്തനം ചെയ്തവരാണെന്നും ഭാഗവത് പറഞ്ഞതിനെ ആരും ചോദ്യം ചെയ്തില്ല. ശിവലിംഗ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ശക്തമാണ്. അതു സ്വാഗതം ചെയ്യുന്നു.’
ഖുറേഷിയെക്കൂടാതെ ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, അലിഗഡ് സര്‍വകലാശാല ലഫ്. ജനറല്‍ സമീര്‍ ഉദ്ധിന്‍ ഷാ, മുന്‍ എംപി ഷാഹിദ് സിദ്ദീഖി വ്യവസായി സയീദ് ഷെര്‍വാണി എന്നിവരുമായി നടത്തിയ ചര്‍ച്ച വളരെ ഫലപ്രദമാണ്. ഡോ. മോഹന്‍ ഭാഗത് മാത്രമല്ല മുന്‍ സര്‍സംഘചാലക്മാരും ഇതേ രീതി അവലംബിച്ചിട്ടുണ്ട്. അത് ആര്‍എസ്എസിന്റെ ശീലവും സ്വഭാവവുമാണ്. രാഷ്ട്രീയക്കാര്‍ ചെയ്യുന്നതുപോലെ ക്യാമറയേയും എഴുന്നള്ളിച്ചാകില്ല അതൊക്കെ എന്നുമാത്രം. അതാണ് ആര്‍എസ്എസ്. ആര്‍എസ്എസിനെക്കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: