ന്യൂദല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ കേരളത്തില്‍ എത്തിച്ച് പരിശീലനങ്ങള്‍ നടത്തിയതായി എന്‍ഐഎ കണ്ടെത്തല്‍. താലിബാന് മാതൃകയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ച് പരിശീലനം നല്‍കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
അതേസമയം കഴിഞ്ഞ ദിവം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും ദല്‍ഹി എന്‍ഐഐ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തു. എന്‍ഐഎ ഡിജിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ നേരിട്ട് നല്‍കും.
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും. ഇതോടൊപ്പം കള്ളപ്പണം വെളുപ്പിക്കലുമായി പോപ്പുലര്‍ ഫ്രണ്ടിനുള്ള ബന്ധം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. പിഎഫ്ഐ നേതാക്കള്‍ക്കെതിരേ രണ്ടു കുറ്റപത്രങ്ങളാണ് ഇഡി സമര്‍പ്പിച്ചിട്ടുള്ളത്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പിഎഫ്ഐ നേതാക്കളായ അബ്ദുള്‍ റസാഖ് പീടിയയ്ക്കല്‍, അഷറഫ് ഖാദിര്‍ എന്നിവര്‍ക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ഉള്‍പ്പെട്ട കേസാണ് മറ്റൊന്ന്.
വ്യാഴാഴ്ചയാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്താകെയുള്ള ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തി രേഖകളും മറ്റും പിടിച്ചെടുക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പിടിയിലാവരെ എന്‍ഐഎ ദല്‍ഹി ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: