കോഴിക്കോട്: ആര്‍എസ്എസ്സിനെ തകര്‍ക്കുന്നതിന്, ആര്‍എസ്എസ്സിനെകുറിച്ച് പഠിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘശാഖയിലേക്ക് നിയോഗിച്ച ‘യുവസഖാവ്’ ഇന്ന് നവതിയിലേക്ക്. ആര്‍എസ്എസ്സിനെകുറിച്ച് പഠിച്ച് പിന്നീട് ദീര്‍ഘകാലം സംഘപ്രചാരകനായി പ്രവര്‍ത്തിച്ച, സംഭവബഹുലമായ പൊതുപ്രവര്‍ത്തന ചരിത്രമുള്ള പി. വാസുദേവന്‍ ഇന്ന് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലാണ് നവതി പ്രണാമമര്‍പ്പിക്കുന്നത്. 1933 ഒക്ടോബര്‍ 11ന് കന്നിമാസത്തിലെ ആയില്യമാണ് പി. വാസുദേവന്റെ ജന്മദിനം. കെ.പി.ആര്, എ.കെ. ഗോപാലന്, എ.വി. കുഞ്ഞമ്പു, എം.കെ. കേളു തുടങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി ബന്ധമുണ്ടായിരുന്നു ചെറുപ്രായത്തില്‍ പാര്‍ട്ടി പതാകയേന്തിയ വാസുദേവന്‍. യുവജനസംഘത്തിന്റെ സെക്രട്ടറി, കിസാന്‍ സംഘത്തിന്റെ താലൂക്ക് ജോയിന്റ് സെക്രട്ടറി തുടങ്ങി വിവിധ ചുമതലകള്‍ വഹിക്കുമ്പോഴാണ് മലബാര്‍ മേഖലയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സംഘപ്രവര്‍ത്തനത്തെ തടഞ്ഞുനിര്‍ത്താനുള്ള ചുമതല വാസുദേവനില്‍ പാര്‍ട്ടി നിയോഗിക്കുന്നത്.
ആര്‍എസ്എസ്സിനെകുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട യുവ സഖാവ് കോഴിക്കോട് നഗരത്തില്‍ വൈരാഗി ക്ഷേത്രത്തില്‍ നടക്കുന്ന ശാഖയിലേക്കെത്തുന്നു. പയ്യാനക്കല്‍ ശ്രീനിവാസനായിരുന്നു അന്ന് ശാഖയുടെ മുഖ്യശിക്ഷകനെന്ന് വാസുദേവന്‍ ഓര്‍ക്കുന്നു. മൂന്നുപേരെയായിരുന്നു ആര്‍എസ്എസ്സിനെകുറിച്ച് പഠിക്കാന്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ചത്.
തുടര്‍ച്ചയായി ശാഖകാണാനെത്തുന്ന വാസുദേവനെ സ്നേഹത്തോടെ സ്വയംസേവകര്‍ ശാഖയിലേക്ക് ക്ഷണിച്ചു. ആര്‍എസ്എസ്സിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന കുപ്രചാരണം തെറ്റാണെന്ന് ബോധ്യമായ വാസുദേവന്‍ സ്വയം സംഘപ്രവര്‍ത്തനത്തില്‍ ലയിച്ചു ചേര്‍ന്നു. പിന്നീട് ആര്‍എസ്എസ്സിന്റെ പ്രചാരകനായി മാറി. 1965ന് ശേഷം മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മുതിര്‍ന്ന ചുമതലകള്‍ വഹിച്ച വാസുദേവന്‍ പിന്നീട് ഹിന്ദുമുന്നണിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും സംസ്ഥാന നേതൃനിരയിലേക്ക് ഉയര്‍ന്നു. സംസ്കൃത, കളരി, വൈദ്യ, കാര്‍ഷിക പാരമ്പര്യമുള്ള തറവാടുകളായിരുന്നു അച്ഛന്റെയും അമ്മയുടെയും. രാമനാട്ടുകരയായിരുന്നു സ്വദേശമെങ്കിലും പിന്നീട് പേരാമ്പ്രയിലാണ് വളര്‍ന്നതും പൊതുപ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവെച്ചതും.
പേരാമ്പ്രയില്‍ സംഘപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വാസുദേവന്‍ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കോഴിക്കോട്ടെ ആര്‍എസ്എസ് ബന്ധം പേരാമ്പ്രയിലുള്ളവര്‍ക്ക് മനസ്സിലായിരുന്നില്ല. കമ്മ്യൂണിസത്തോട് വിടപറഞ്ഞ വാസുദേവനെ പലതവണ വധിക്കാന്‍ ശ്രമമുണ്ടായി. കോഴിക്കോടിന്റെ വിവിധമേഖലകളിലെ കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിലേക്ക് വാസുദേവന്‍ സംഘ സന്ദേശവുമായെത്തി. പഴയ കമ്മ്യൂണിസ്റ്റ് ബന്ധം ഉപയോഗിച്ച് പാര്‍ട്ടിക്കോട്ടകളില്‍ സംഘശാഖകള്‍ ആരംഭിച്ചു. ചേരാപുരത്ത് വച്ച് വാസുദേവനെ വധിക്കാന്‍ നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെട്ടു.
താമസിച്ച വീട്ടിലെ കിസാന്‍ സംഘിന്റെ ബ്ലോക്ക് സെക്രട്ടറിയായിരുന്നു വാസുദേവനെ വധിക്കാന്‍ മുഖ്യ ആസൂത്രണം ചെയ്തത്. നേതാവിന്റെ അനുജന് സംഘപ്രവര്‍ത്തകനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടവരെ തെളിവില്ലാത്ത വിധം ഉന്മൂലനം ചെയ്യുകയെന്ന ശിക്ഷയായിരുന്നു അന്നും നടപ്പാക്കിയിരുന്നതെന്ന് വാസുദേവന്‍ ഓര്‍ക്കുന്നു.
മലബാറിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് അടിത്തറയിട്ട പ്രമുഖരില്‍ ഒരാളാണ് വാസുദേവന്‍. മത്സ്യംവിറ്റ കുട്ട കമഴ്ത്തിയിരുന്ന അങ്ങാടിപ്പുറത്തെ ശിവലിംഗം പുനരുദ്ധരിച്ച് മഹാക്ഷേത്രമാക്കാനുള്ള ശ്രമത്തിന് തുടക്കമിട്ടത് വാസുദേവനും സഹപ്രവര്‍ത്തകനുമായിരുന്നു. മലബാറിലെ ഐതിഹാസികമായ സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തായി മാറിയത് വാസുദേവന്റെ സംഘടനാകുശലതയായിരുന്നു.
എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ. മോഹന്‍ദാസ് മകനാണ്. കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ നടക്കുന്ന നവതി പ്രണാമചടങ്ങില്‍ ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരകും ക്ഷേത്രീയ കാര്യകാരി അംഗവുമായ പി.ആര്. ശശിധരന്, അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്, വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കാലത്ത് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 10.30 നാണ് നവതിപ്രണാമ ചടങ്ങുകള്‍ക്ക് തുടക്കമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: