എസ്. ശ്രീനിവാസ് അയ്യര്‍
കര്‍ക്കടക ലഗ്നം, കര്‍ക്കടകക്കൂറ് എന്നിവയെ മുന്‍നിര്‍ത്തി ചില തോന്ന്യാക്ഷരങ്ങള്‍) രാശിചക്രത്തിലെ നാലാം രാശിയാണ്, കര്‍ക്കടകം. ‘കാലപുരുഷന്റെ ഹൃദയം’ എന്നാണ് സങ്കല്പം. ഹൃദയം മാത്രമല്ല മനസ്സും നാലാമെടം കൊണ്ടാണ് വിചിന്തനം ചെയ്യുന്നത്. അതിനാല്‍ ഒന്ന് ആദ്യമേ പറയാം, ഹൃദയമുള്ള മനുഷ്യരാണ്. മനസ്സും മനസ്സാക്ഷിയും അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തനം. തോന്നലുകളുടെ രാജകുമാരന്മാരും രാജകുമാരികളുമാണ്. മനസ്സ് എന്ന തങ്കത്തേരിലാവും സദാ യാത്ര. എനിക്ക് തോന്നി, ഞാന്‍ വിചാരിച്ചു, എന്റെ ഇഷ്ടം, ഞാന്‍ പറഞ്ഞില്ലേ? എന്നിങ്ങനെ ഉത്തമപുരുഷനില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വാക്കുകളും വചനങ്ങളും ഇവരില്‍ നിന്നും എപ്പോഴും പുറത്തുവന്നു കൊണ്ടിരിക്കും.
വരാഹമിഹിരന്‍ തന്റെ ‘ബൃഹജ്ജാതക’ത്തില്‍ കര്‍ക്കടകക്കൂറുകാരെക്കുറിച്ച് കനവും കാതലും ഉള്ള നിരവധി നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘ആവക്രദ്രുതഗ’ എന്ന വിശേഷണമാണാദ്യം. ‘ചരിഞ്ഞും വേഗത്തിലും നടക്കുന്നവര്‍’ എന്നാണ് വാച്യാര്‍ത്ഥം. ആ ചരിഞ്ഞുള്ള നടപ്പില്‍ എന്തെന്ത് ഊന്നലുകള്‍ ഉണ്ടെന്നത് ആലോചിക്കുന്തോറും അര്‍ത്ഥവത്തായി വരും. നേരെ നടക്കുന്നയാള്‍ വ്യവസ്ഥിതിക്കൊപ്പം നടക്കുന്നയാളാണ്. ഒരു തനി മാമൂല്‍പ്രിയന്‍, പാരമ്പര്യവാദി. ചരിഞ്ഞു നടക്കുന്നയാളോ? അയാള്‍/അവള്‍ വ്യവസ്ഥിതിയെ അത്രയൊന്നും അനുസരിക്കുന്നയാളാവില്ല. തന്നിഷ്ടങ്ങളുണ്ട്; എന്തിനെക്കുറിച്ചും സ്വാഭിപ്രായങ്ങളുമുണ്ട്. ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത വിശ്വാസങ്ങളും വ്യക്തിത്വവും കാത്തു സൂക്ഷിക്കുന്നവരാവും. ‘കൂട്ടം തെറ്റി മേയുന്നവര്‍’ എന്ന വിലയിരുത്തല്‍ തെറ്റാവില്ല.
‘ദ്രുതഗന്‍’ എന്ന വിശേഷണമാകട്ടെ വേഗത്തില്‍ നടക്കുന്നവന്‍ എന്ന് മാത്രമാണോ മനസ്സിലാക്കപ്പെടേണ്ടത് എന്ന ചോദ്യം സംഗതമാണ്. ഒരു പാട് ചെയ്ത് തീര്‍ക്കാനുണ്ടെന്ന കര്‍മ്മദക്ഷതയെ അല്ലേ അത് സൂചിപ്പിക്കുന്നത്? കര്‍ക്കടക കൂറിന്റെ അധിപന്‍ ചന്ദ്രനാകുന്നു. നവഗ്രഹങ്ങളില്‍ രാശിചക്രഭ്രമണം ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന ഗ്രഹം ചന്ദ്രനത്രെ! അതിനാല്‍ കര്‍ക്കടകമനുഷ്യരുടെ കര്‍മവേഗം സ്വാഭാവികമാണ്. കടമ ഏറ്റെടുത്താല്‍ പിന്നെ തിരിഞ്ഞുനോട്ടമില്ല. എങ്ങനെയും ലക്ഷ്യത്തിലെത്തണമെന്നതാണ് ചിന്ത. വശങ്ങളില്‍ നോക്കാത്ത യാത്രയാണത്. വഴിയമ്പലങ്ങളില്‍ ഉണ്ടുറങ്ങി ലക്ഷ്യം മറക്കുന്നവരല്ലെന്നതും പ്രസ്താവ്യമാണ്. ചിലപ്പോള്‍ മൂല്യബോധം അതില്‍ അപഭ്രംശപ്പെടാം. അങ്ങനെയും ഒരു വശം കാണേണ്ടതുണ്ട്.
‘ക്ഷയധനൈ സംയുജ്യതേ ചന്ദ്രവത്’ എന്ന പ്രസ്താവനയും ശ്രദ്ധേയമാണ്. ധനം ക്ഷയിച്ചും വീണ്ടും പുഷ്ടിപ്പെട്ടും ഉള്ള അവസ്ഥയോടു കൂടിയവര്‍, ചന്ദ്രനെപ്പോലെ എന്ന് നിര്‍ദ്ധാരണം ചെയ്യാം. ചന്ദ്രന് ക്ഷയവും വൃദ്ധിയും നിരന്തരമാണല്ലോ. പടര്‍ന്ന് പന്തലിക്കുന്നു, പൗര്‍ണമി വരെ. പിന്നെ തളര്‍ന്നിറങ്ങുന്നു, അമാവാസി വരെ. വീണ്ടും ഇത് ആവര്‍ത്തിക്കപ്പെടുകയാണ്. ഇതില്‍ നിന്നും കര്‍ക്കടകക്കൂറുകാര്‍ സ്ഥിര സമ്പന്നരല്ല; നിത്യ ദരിദ്രരുമല്ല എന്ന് വ്യക്തമാകുന്നു. അതിനാല്‍ സാമ്പത്തികമായ അലച്ചിലുകളും അലട്ടലുകളും ഒരു പതിവ് ജീവിത യാഥാര്‍ത്ഥ്യമായി കര്‍ക്കടകക്കൂറുകാര്‍ക്കൊപ്പമുണ്ടാവുമെന്ന് ഊഹിക്കാം.
ദൈവജ്ഞര്‍, പ്രചുരാലയര്‍, സുഹൃദ്വത്സലര്‍, വെള്ളത്തിലും ഉദ്യാനത്തിലും രതിയുള്ളവര്‍, സാമം കൊണ്ട് മാത്രം വശപ്പെടുന്നവര്‍ എന്ന് തുടങ്ങി സ്വഭാവദ്യോതകമായ ഒട്ടേറെ വിശേഷണങ്ങള്‍ മിഹിരഗുരു നല്‍കുന്നുണ്ട്. കൂട്ടത്തില്‍ ‘ഹ്രസ്വപീനഗളോരു’ എന്ന രൂപത്തെക്കുറിച്ചുള്ള വിവരണവുമുണ്ട്. കുറുകി, തടിച്ച കഴുത്തും തുടകളും മറ്റുമാണ് ഇവര്‍ക്കുണ്ടാവുകയത്രെ!
ചരരാശിയാണ് കര്‍ക്കടകം. യുഗ്മരാശിയെന്ന പ്രത്യേകതയുമുണ്ട്. പൃഷ്ഠം കൊണ്ട് ഉദിക്കുന്നു; നിശിരാശിയാണ്. സൃഷ്ടി രാശി, ബ്രാഹ്മണരാശി തുടങ്ങി പലതരം കാര്യങ്ങളിലേക്ക് തുറക്കാവുന്ന വാതില്‍ പോലെയുള്ള നാനാതരം വിഭജനങ്ങളുമുണ്ട്. ചരരാശികള്‍ക്ക് പതിനൊന്നാം രാശി ബാധാരാശി. അത് ഇടവം. ബാധകഗ്രഹമാകുന്നത് ശുക്രനും. ചരരാശികള്‍ക്ക് മഹാബാധാസ്ഥാനം കുംഭം എന്ന സവിശേഷതയും സ്മരണീയമാണ്.
ചന്ദ്രന്‍ രാശ്യധിപനെന്ന് വ്യക്തമാക്കി. വ്യാഴത്തിന്റെ ഉച്ചക്ഷേത്രവും ചൊവ്വയുടെ നീചക്ഷേത്രവുമാകുന്നു. കര്‍ക്കിടക ലഗ്നത്തിലും കൂറിലും ജനിച്ചവര്‍ക്ക് ഗ്രഹങ്ങളില്‍ ‘ഭൂസുരാംഗിരസൗ ശുഭം’ എന്ന് പരാശര വചനം. ചൊവ്വയും വ്യാഴവും മാത്രമാണ് ഇവര്‍ക്ക് ഏറ്റവും അനുകൂലഗ്രഹങ്ങള്‍. ഒപ്പം രാശീശനായ ചന്ദ്രനെയും ചേര്‍ക്കാം. കേന്ദ്ര (പത്താമെടം മേടം രാശി) ത്രികോണ (അഞ്ചാമെടം വൃശ്ചികം രാശി) ആധിപത്യത്താല്‍ ചൊവ്വയാണ് കര്‍ക്കിടകക്കൂറ്/ലഗ്നക്കാരുടെ യോഗകാരകഗ്രഹം. ഇപ്പറഞ്ഞ മൂന്ന് ഗ്രഹങ്ങള്‍ക്കും ഗ്രഹനിലയില്‍ ബലമുണ്ടെങ്കില്‍ ജീവിതവിജയം ഉറപ്പിക്കാം.
പുണര്‍തം നാലാം പാദവും പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളും കര്‍ക്കടകക്കൂറില്‍ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: