വാഷിംഗ്ടണ്‍: മെല്റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ളജൂലിയസ് ബെയര്‍ ജനറേഷന് ചെസില്‍ അമേരിക്കക്കാരനായ ഹാന്‍സ് നീമാനോട് കളിക്കാതെ പിന്മാറുക വഴി മൂന്ന് പോയിന്റ് നഷ്ടപ്പെടുത്തിയെങ്കിലും മാഗ്നസ് കാള്സന് തന്നെയാണ് 12 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് നിലയില്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഏഴ് ജയമടക്കം 25 പോയിന്റുകളാണ് കാള്സനുള്ളത്. ഇനി മൂന്ന് റൗണ്ടുകള്‍ കൂടി മാത്രമേ ബാക്കിയുള്ളൂ. അതു കഴിഞ്ഞാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിയ്ക്കും. ഹാന്‍സ് നീമാനുമായുള്ള മത്സരത്തില്‍ പിന്മാറിയതൊഴിച്ചാല് കാള്സന് ഈ ടൂര്‍ണ്ണമെന്റില്‍ തോല്‍വി അറിഞ്ഞിട്ടില്ല.
ഇന്ത്യക്കാരനായ ഗ്രാന്റ് മാസ്റ്റര്‍ അര്ജുന് എരിഗെയ്സി 24 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. വിയറ്റ്നാം ഗ്രാന്റ് മാസ്റ്റര്‍ ലെ ക്വാങ്ങ് ലിയെം 20 പോയിന്റുകളോട് മൂന്നാം സ്ഥാനത്തുണ്ട്. പ്രഗ്നാനന്ദ 19 പോയിന്റോടെ നാലാം സ്ഥാനത്ത് നില്ക്കുന്നു.
വിന്‍സെന്റ് കെയ്മര്‍ ജാന്‍ ക്രിസ്റ്റഫ് ഡുഡ, ഹാന്‍ നീമാന്, അനീഷ് ഗിരി എന്നിവരാണ് അഞ്ചു മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. ആകെ 16 ഗ്രാന്റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന എട്ടു പേര് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കും. സെപ്തംബര്‍ 23ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിയ്ക്കും.
ഇത് റാപിഡ് ചെസ് ടൂര്‍ണ്ണമെന്റാണ്. 15 മിനിറ്റിനകം രണ്ട് കളിക്കാര്‍ അതിവേഗത്തില്‍ കരുക്കള്‍ നീക്കി കളി അവസാനിപ്പിക്കുന്ന റാപ്പിഡ് ചെസില്‍ അതിവേഗത്തിലുള്ള കണക്കുകൂട്ടലുകളാണ് കളിക്കാരന്റെ കൈമുതല്‍.
ജൂലിയസ് ബെയര്‍ ചെസ് ടൂര്‍ണ്ണമെന്റില്‍ മാഗ്നസ് കാള്‍സണും ഹാന്‍സ് നീമാനുമായുള്ള വഴക്ക് കരിനിഴല്‍ വീഴ്ത്തുകയുണ്ടായി. കഴിഞ്ഞ ദിവസം
അമേരിക്കയുടെ ഹാന്‍സ് നീമാനുമായുള്ള മത്സരത്തില്‍ ഒരു നീക്കം മാത്രം നടത്തിയ ശേഷം കാള്സണ് ടൂര്‍ണ്ണമെന്റില്‍ നിന്നും നാടകീയമായി പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. കാള്‍സനും ഹാന്‍സ് നീമാനും തമ്മില്‍ ഈയിടെ സിന്‍ക്വെഫീല്‍ഡ് ചെസ് ടൂര്‍ണ്ണമെന്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹാന്‍സ് നീമാന് വിജയിച്ചതിന് ശേഷമാണ് ഇരുവരും പിണക്കം തുടങ്ങിയത്. ഹാന്‍സ് നീമാന് തന്നെ ചതിച്ചതിനാലാണ് താന്‍ തോറ്റതെന്നാണ് കാള്‍സന്റെ ആരോപണം. പക്ഷെ എങ്ങിനെ വഞ്ചിച്ചു എന്ന കാര്യത്തില്‍ വിശദീകരണമുണ്ടായിട്ടില്ല. ഇതിനാലാണ് ചൊവ്വാഴ്ച ജൂലിയസ് ബെയര്‍ ടൂര്‍ണമെന്റില്‍ നീമാനുമായുള്ള മത്സരം കളിക്കാതെ തന്നെ കാള്സന് പിന്മാറിയത്. ഈ പിന്മാറ്റം തോല്‍വിയായി പരിഗണിച്ചതോടെ കാള്സന് പോയിന്റ് നിലയില്‍ പിറകിലായതായിരുന്നു. എന്നാല്‍ കാള്സണ് ഇറാന്റെ ക്രിസ്റ്റഫ് ഡുഡയെ തോല്പിച്ചതോടെ വീണ്ടും പോയിന്റ് പട്ടികയില്‍ മുന്നിലേക്ക് കുതിക്കുകയായിരുന്നു. .
ജൂലിയസ് ബെയര്‍ ജനറേഷന് ചെസ് കപ്പില്‍ 2021ലെ ചാമ്പ്യനായിരുന്നു പ്രഗ്നനാന്ദ. അതോടെയാണ് മെല്റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിലേക്ക് പ്രഗ്നാനന്ദയ്ക്ക് ക്ഷണം ലഭിച്ചത്.
ആകെ ഒമ്പത് ടൂര്‍ണ്ണമെന്റുകളാണ് മെല്റ്റ് വാട്ടര്‍ ചെസ് ടൂറില്‍ ഉള്ളത്. കഴിഞ്ഞ മാസം അവസാനിച്ച എഫ് ടി എക്സ് ചെസ് ടൂര്‍ണ്ണമെന്റ് മെല്റ്റ് വാട്ടര്‍ ചെസ് ടൂറിന്റെ ഭാഗമായിരുന്നു. അതില്‍ പ്രഗ്നാനന്ദ അവസാന കളിയില്‍ തുടര്‍ച്ചയായി മൂന്ന് തവണ മാഗ്നസ് കാള്‍സനെ തോല്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. എഫ് ടി എക്സ് കപ്പില്‍ മാഗ്നസ് കാള്സന് ചാമ്പ്യനായപ്പോല് പ്രഗ്നാനന്ദ രണ്ടാം സ്ഥാനക്കാരനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: