തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സര്‍ക്കാര്‍ ക്ഷണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താന്‍ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാന്‍ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ അറിയിച്ചു.
ഓണംവാരാഘോഷ ഘോഷ യാത്രയില്‍ ക്ഷണിക്കാത്തതിലെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവര്‍ണറെ അനുനയിപ്പിക്കാനായിരുന്നു നേരത്തെ നീക്കമെങ്കിലും അദ്ദേഹം വഴങ്ങില്ലെന്ന് ഉറപ്പായി.
കേരളീയരുടെ വൈകാരിക ഉത്സവമായ ഓണാഘോഷ പരിപാടിയിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു ക്ഷണം ഉണ്ടായില്ല. മാത്രമല്ല, ഗവര്‍ണര്‍ക്ക് ആ ദിവസം അസൗകര്യമാണെന്നും അട്ടപ്പാടിയിലെ ഒരു പരിപാടിയില്‍ ആണെന്നുമുള്ള വിധത്തില്‍ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി വിവരങ്ങള്‍ പുറത്തുവിട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. തന്നെ ബോധപൂര്‍വം ഈ പരിപാടിയില്‍നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു എന്ന് കരുതുന്നതായും അതിനാല്‍ സര്‍ക്കാരിന്റെ ഈ ക്ഷണം നിരസിക്കുന്നതായും ഗവര്‍ണര്‍ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: