കൊച്ചി: മൈസൂര്‍ പാതയുടെ പേരില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരന്‍. പാത അട്ടിമറിച്ച ഇടതുസര്‍ക്കാര്‍ വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന രീതിയില്‍ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു
നിലമ്പൂര്‍നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല. പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ 2015 ല്‍ അനുമതി നല്‍കിയ നിലമ്പൂര്‍- നഞ്ചന്‍കോട് പദ്ധതിയെപ്പറ്റി വന്യജീവി സങ്കേതത്തിന്റെ പേരില്‍ അനുമതി നിഷേധിച്ചുവെന്ന കേരള സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരിന്റെ അനുമതിയോടെ ഡിഎംആര്‍സി സംഘം 2015 ല്‍ കര്‍ണാടക ചീഫ് സെക്രട്ടറി, വനം കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരെ കണ്ടു വനത്തില്‍ ഭൂമിക്കടിയിലൂടെ റെയില്‍വേ ലൈന്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നേടിയെടുത്തതാണ്. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരില്‍ കണ്ട് വിശദീകരിച്ചതോടെ പദ്ധതിക്ക് അനുമതി നല്‍കി. കേന്ദ്ര അനുമതിക്കായി കത്തയയ്‌ക്കാമെന്നു കര്‍ണാടക സര്‍ക്കാര്‍ ഡിഎംആര്‍സിയെ നേരിട്ടറിയിക്കുകയും ചെയ്തു.
2016 ല്‍ ഇടതുമുന്നണി അധികാരത്തിലെത്തിതോടെയാണു പദ്ധതി നിര്‍ത്തിവയ്പിച്ചത്. ഓഫിസ് തുറന്ന് അലൈന്‍മെന്റ് തയാറാക്കി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വേ അടക്കമുള്ളവയ്‌ക്ക് കരാറും നല്‍കിയതിനു ശേഷം നിര്‍ബന്ധപൂര്‍വം നിര്‍ത്തിവയ്പിക്കുകയായിരുന്നു. ശ്രീധരന്‍ പറഞ്ഞു.
കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാതെയും പഠിക്കാതെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ചര്‍ച്ചയ്‌ക്കു പോയതെന്ന് ഇ.ശ്രീധരന്‍ ആരോപിച്ചു.കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല. അദ്ദേഹം പറഞ്ഞു
സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ വന്നിരുന്നില്ല. സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം. തലശ്ശേരി മൈസൂര്‍ നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: