തിരുവനന്തപുരം: വിദേശ ആശയങ്ങളെ പുച്ഛിക്കുന്ന ഗവര്‍ണര്‍ക്ക് ആര്‍എസ്എസിനോട് വിധേയത്വമാണെന്ന് മുഖ്യന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും എതിരെ ഉയര്‍ത്തി വിവിധ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശ ആശയത്തെ പുച്ഛിക്കുന്നുവെങ്കില്‍ ഗവര്‍ണര്‍ക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന ഒരാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാ പദവിയിലിരുന്ന ഗവര്‍ണര്‍ തരം താണ് സംസാരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാമെങ്കിലും ഗവര്‍ണര്‍ പദവിയിലിരുന്ന് ആ രാഷ്ട്രീയം പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെയും കണ്ണൂരില്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ചും കെ.കെ. രാഗേഷിനെതിരെയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിസിയുടെ പുനര്‍നിയമനത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ താല്പര്യത്തെക്കുറിച്ചും ഗവര്‍ണര്‍ ആഞ്ഞടിച്ചിരുന്നു.
കണ്ണൂര്‍ വിസി പുനര്‍നിയമനത്തിന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ശുപാര്‍ശ നടത്തിയെന്ന് പറഞ്ഞ ഗവര്‍ണര്‍ പിണറായി അയച്ച മൂന്ന് കത്തുകളും വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ ഇതിന് തെളിവായി ഗവര്‍ണര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. പൊലീസുകാരെ തടഞ്ഞതിനുള്ള പ്രതിഫലമാണോ കെ.കെ. രാഗേഷിനുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: