കൊച്ചി: ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി തീരുമാനം ഹൈക്കോടതി ശരിവെച്ചു. 11 പ്രതികളും ഇതോടെ വിചാരണക്കോടതിയില്‍ കീഴടങ്ങി.
മണ്ണാര്‍ക്കാടെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോടതി ഇവരെ റിമാന്റ് ചെയ്ത് അപ്പോള്‍ തന്നെ ജില്ലാ ജയിലിലേക്ക് മാറ്റി. വിചാരണക്കോടതിയുടെ ജാമ്യം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തിങ്കളാഴ്ച തള്ളി.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, ഒമ്പതാം പ്രതി നജീബ്, പന്ത്രണ്ടാം പ്രതി നജീബ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് തിങ്കളാഴ്ച രാവിലെ കോടതിയില്‍ കീഴടങ്ങിയത്.
പ്രോസിക്യൂഷനും മധുവിന്റെ കുടുംബവും ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് നേരത്തെ മണ്ണാര്‍ക്കാട് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. സാക്ഷികളില്‍ പലരും കൂറുമാറിയത് പ്രതികളുടെ സ്വാധീനം മൂലമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ അത് ശരിയാണെന്ന് തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: