എഴുപത്തിരണ്ടാം പിറന്നാള്‍ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ടും പ്രത്യേകതയുള്ളതായിരുന്നു. ലോക നേതാക്കളില്‍നിന്നുള്‍പ്പെടെ ആശംസകളുടെ പ്രവാഹമാണുണ്ടായത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ പിറന്നാള്‍ മറ്റൊരു കാരണത്താലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ ചേര്‍ന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി സ്വീകരിച്ച നിലപാടുകളും നടത്തിയ ഇടപെടലുകളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചകള്‍ തുറന്നുപറഞ്ഞതും, ഉക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് പുടിന് മറുപടിയായി പറഞ്ഞതും പ്രധാനമന്ത്രി മോദിയെ അമേരിക്കയുള്‍പ്പെടെ ഒരു താരമാക്കിയിരിക്കുകയാണ്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായും പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹനാസ് ഷെരീഫുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് പല നയതന്ത്ര വിദഗ്ധരും മാധ്യമങ്ങളും പ്രതീക്ഷിക്കുകയും പ്രവചിക്കുകയുമൊക്കെ ചെയ്തെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഭാരതത്തിന്റെ നേതൃത്വത്തിന് ലോകത്തെ നയിക്കാനാവുമെന്ന് അടിവരയിടുന്ന തരത്തിലായിരുന്നു മോദിയുടെ ഇടപെടല്‍. അവസാനിക്കാതെ തുടരുന്ന റഷ്യ-ഉക്രൈന് യുദ്ധം ഇപ്പോള്‍ ലോകജനതയുടെ ആശങ്കയാണ്. അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ചൈനയ്ക്കുമൊക്കെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന സ്ഥിതിയിലാണ് യുദ്ധം അവസാനിപ്പിക്കേണ്ടതാണെന്ന് പുടിനോട് പ്രധാനമന്ത്രി മോദി അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നത്.
റഷ്യ-ഉക്രൈന് യുദ്ധത്തില്‍ ഭാരതം റഷ്യയ്ക്കൊപ്പമാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും സ്വന്തം ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമേ തങ്ങള്‍ക്ക് നിലപാടെടുക്കാന്‍ കഴിയുകയുള്ളൂവെന്നും ഭാരതം വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന്റെ പേരില്‍ അമേരിക്കയും ചില യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഭാരതം അംഗീകരിച്ചിരുന്നില്ല. റഷ്യയില്‍നിന്ന് ഭാരതം അസംസ്കൃത എണ്ണ വാങ്ങിയതും ചില രാജ്യങ്ങളെ ചൊടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഭാരതത്തിന്റെ നയതന്ത്രബന്ധം എങ്ങനെയാവണമെന്ന് മറ്റുള്ളവര്‍ ഉപദേശിക്കേണ്ടെന്നും, ഭാരതം വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ എണ്ണ റഷ്യയില്‍നിന്ന് വാങ്ങുന്നവരാണ് യൂറോപ്യന്‍ രാജ്യങ്ങളെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തിരിച്ചടിക്കുകയും ചെയ്തു. സമാധാനത്തിന്റെ പക്ഷത്തുനില്ക്കാന് ഈ നിലപാട് ഭാരതത്തിന് തടസ്സമല്ലെന്നാണ് പ്രധാനമന്ത്രി മോദി സമര്‍ഖണ്ഡില്‍ തെളിയിച്ചിരിക്കുന്നത്. ഇന്നത്തെ കാലം യുദ്ധത്തിനുള്ളതല്ലെന്നും, ജനാധിപത്യവും നയതന്ത്രവും സംഭാഷണവുമാണ് ലോകത്തിനു വേണ്ടതെന്നും ഫോണിലൂടെ താങ്കളോട് പലവട്ടം പറഞ്ഞതാണെന്നുമാണ് പുടിനുമായുള്ള ചര്‍ച്ചയില്‍ മോദി വ്യക്തമാക്കിയത്. ആറുമാസം നീണ്ട യുദ്ധത്തോട് ഭാരതം എന്തു നിലപാട് സ്വീകരിക്കുമെന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കിയിരിക്കെയാണ് പ്രധാനമന്ത്രി മോദി തങ്ങളുടെ നയമെന്താണെന്ന് സംശയാതീതമായി പറഞ്ഞിരിക്കുന്നത്. ഭാരതത്തിന്റെ ഈ നിലപാടിന് ആറുമാസം നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് മറ്റു രാജ്യങ്ങള്‍ കരുതുന്നുണ്ട്.
ലോക രാഷ്ട്ര സമുച്ചയത്തില്‍ ഭാരതം വിശ്വഗുരുവിന്റെ സ്ഥാനത്തേക്ക് മാറുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നേതാവായി ഉയരുകയുമാണ്. ഭാരതത്തിന്റെ ദേശീയതാല്‍പ്പര്യം അണുവിടപോലും ബലികഴിക്കാതെ അയല്‍രാജ്യങ്ങളുമായുള്ള പ്രശ്നങ്ങളും നയതന്ത്രതലത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഉദ്ദേശ്യശുദ്ധിയുണ്ടാവണമെന്നുമാത്രം. ചൈനയും പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും ഭാരതം കീഴടങ്ങില്ലെന്ന് പ്രധാനമന്ത്രി മോദി ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. ബാലാകോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിന്ന് പാകിസ്ഥാനും അതിര്‍ത്തിയിലെ സൈനിക വിന്യാസത്തില്‍നിന്ന് ചൈനയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നുവേണം കരുതാന്‍. കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈന സൈനികരെ പിന്മാറ്റിയതിനു പിന്നാലെയാണ് ഷാങ്ഹായ് ഉച്ചകോടി നടന്നത്. ഈ പശ്ചാത്തലത്തിലാണ് ഷി ജിന്‍ പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് കരുതപ്പെട്ടത്. എന്നാല്‍ ഇതിന് സമയമായിട്ടില്ലെന്ന നിലപാട് സ്വീകരിച്ച മോദി, ഷിയുമായി ചര്ച്ചയ്ക്കെന്നല്ല, ഒരുമിച്ച് ഒരു ഫോട്ടോയ്ക്കുപോലും പോസു ചെയ്തില്ല. ഷാങ്ഹായ് സഹകരണ സംഘടനയില്‍ വരുന്ന രാജ്യങ്ങള്‍ക്കിടയിലെ ചരക്കുനീക്കം യാതൊരു തടസ്സവുമില്ലാതെ നടക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ നിലപാട് ഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ടതും വലിയൊരു വിജയമാണ്. ലോക ജനസംഖ്യയുടെ നാല്‍പ്പതു ശതമാനത്തോളം ഈ രാജ്യങ്ങളുടേതാണ് എന്നു വരുമ്പോള്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് എത്തിക്കുന്നതിനെ പാകിസ്ഥാന് തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മോദി ഇത്തരമൊരു നിര്‍ദേശം വച്ചതും അംഗീകരിക്കപ്പെട്ടതും. ഇത് ഫലത്തില്‍ പാകിസ്ഥാനുള്ള തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: