കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് തെളിവെടുപ്പ് മുടങ്ങി. കേസില്‍ അറസ്റ്റിലായ പ്രതികളെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിട്ടും സഹകരിക്കാന്‍ പ്രതികള്‍ തയ്യാറായില്ലെന്നാണ് ആരോപണം.
കേസില്‍ അഞ്ച് ഡിവൈഎഫ്ഐ നോതാക്കളാണ് പോലീസ് പിടിയിലായത്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയൊന്നും നല്‍കാത്തതിനെ തുടര്‍ന്ന് കേസില്‍ കൂടുതല്‍ തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ സഹകരിക്കാത്തതിനാല്‍ തെളിവെടുപ്പും സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകളും കണ്ടെത്താനായിട്ടില്ല. ഇതിനെ തുടര്‍ന്ന് കസ്റ്റഡി സമയം അവസാനിക്കും മുമ്പ പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് കോടതിയില്‍ ഹാജരാക്കി.
അതിനിടെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവന്ന് കോഴിക്കോട് കമ്മിഷണര്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്. കേരളത്തിലെ പോലീസ് മികച്ച മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അതിന് എതിരാണ്. ഭീകരവാദികളെ പോലെയാണ് പ്രതികളോട് പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ചില ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളാനാകുന്നില്ല. അവര്‍ സര്‍ക്കാരിനെ അപകര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പി. മോഹനന് കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. സംഭവത്തില്‍ നിയമപരമായ നടപടി വേണമെന്ന് തന്നെയാണ് സിപിഎം ആഗ്രഹിക്കുന്നത്. കോഴിക്കോട് സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ രണ്ട് പേര് ഒഴികെ അടുത്ത ദിവസം തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ മറവില്‍ പോലീസ് നിരപരാധികളെ ഭീഷണിപ്പെടുത്തുകയാണെന്നും പി മോഹനന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: