തിരുവനന്തപുരം: അഴിമതിക്കു കൂട്ടു നില്‍ക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉറച്ച നിലപാടെടുത്തതോടെ, നില്‍ക്കക്കള്ളിയില്ലാതെ ഭീഷണിയുമായി സിപിഎം. സമചിത്തതയോടെയല്ല ഗവര്‍ണര്‍ പെരുമാറുന്നതെന്നു പറഞ്ഞ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗവര്‍ണര്‍ സ്ഥാനം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ.പി. ജയരാജനും രംഗത്ത്.
വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം തേടാം, ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് അയയ്ക്കാം. രാഷ്ട്രപതി ഭവനിലേക്കു പോയാല്‍ ഉടനെയൊന്നും മടങ്ങി വരില്ലെന്ന് സര്‍ക്കാരിനറിയാം. മലയാള ഭാഷ സംബന്ധിച്ച ബില്‍ വര്‍ഷങ്ങളായിട്ടും മടങ്ങിയെത്തിയിട്ടില്ല. ലോകായുക്ത നിയമ ഭേദഗതി ബില്‍ നിയമമാകാന്‍ താമസമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഭാവി വെള്ളത്തിലാകുമെന്നാണ് സിപിഎമ്മിന്റെ ഭയം. ദുരിതാശ്വാസ നിധിയിലെ അഴിമതി സംബന്ധിച്ച് ഏതു നിമിഷവും ലോകായുക്തയില്‍ നിന്ന് വിധി വരാം. പ്രതികൂലമായാല്‍ കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചതുപോലെ മുഖ്യമന്ത്രിക്കും സ്ഥാനമൊഴിയേണ്ടി വരും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയെ നിയമിച്ചത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നാം റാങ്കുകാരനെ തള്ളി രണ്ടാം റാങ്കുകാരിയെ നിയമിച്ചത് മുഖ്യമന്ത്രിയും പാര്‍ട്ടിയും അറിഞ്ഞു മാത്രമേ നടക്കൂ. ഇത് അഴിമതിയാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീംകോടതിയില്‍ പോയ സര്‍ക്കാരിനെ ഗവര്‍ണര്‍ താക്കീതു ചെയ്തിരുന്നു. വിശദീകരണവും തേടി. ഇത്തരത്തില്‍ നിരവധി ഫയലുകള്‍ രാജ്ഭവനില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടെത്തിയിട്ടും മറുപടിയൊന്നും കൊടുത്തിട്ടില്ല. ഇതെല്ലാം ഗവര്‍ണര്‍ പുറത്തു വിട്ടാല്‍ പാര്‍ട്ടിക്ക് ദേശീയതലത്തില്‍ത്തന്നെ നാണക്കേടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: