കൊച്ചി : സിവിക് ചന്ദ്രന് കേസില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയുടെ ട്രാന്‍സ്ഫര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാര്‍ തന്നെ ലേബര്‍ കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിനെതിരെ നല്കിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, മൊഹമ്മദ് നിയാസ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആയിരുന്ന കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് ഡെപ്യൂട്ടേഷനില്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആദ്യം ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ല. തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതി ജഡ്ജിയുടേത്. ചുമതല നല്കുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ജഡ്ജിനുണ്ടെന്നും മുന്‍വിധികള്‍ വേണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ കൃഷ്ണകുമാര്‍ ഇതിനെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
അടുത്ത മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കാന്‍ അര്‍ഹതയുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നുമാണ് എസ് കൃഷ്ണകുമാറിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു ഹര്‍ജി പരിഗണിക്കവേ എസ്. കൃഷ്ണകുമാര്‍ പരാമര്‍ശം നടത്തിയത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ല. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചിരുന്നു. ഈ ഉത്തരവിന് പിന്നാലെയാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: