കൊല്‍ക്കത്ത: മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ കൊല്‍ക്കത്തയില്‍ ബിജെപി നടത്തിയ ‘നാബന്നാ ചലോ’ മാര്‍ച്ചിനെതിരെ പോലീസ് അതിക്രമം. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി, എംപി ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ജയിലിലടച്ച പോലീസ് നടപടിക്കെതിരെ ബംഗാളിലുടനീളം പ്രതിഷേധം.
സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഹൂഗ്ലി പാലത്തിന് സമീപംവച്ച് മാര്‍ച്ച് തടയുകയായിരുന്നു. നേതാക്കന്മാരെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റാനുള്ള നീക്കത്തെ ചെറുത്ത പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. നിരവധി ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ ഒരു പോലീസ് വാന്‍ അഗ്നിക്കിരയാക്കി.
പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ബിജെപി പ്രവര്‍ത്തകരെ വീടുകളില്‍ കയറി പോലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. റാണിഗഞ്ചില്‍ മാത്രം നൂറിലേറെ പ്രവര്‍ത്തകരെയാണ് മുന്‍കരുതലിനെന്ന പേരില്‍ കസ്റ്റഡിയിലെടുത്തത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാബന്നാ റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്കെത്തിയത്.
പശ്ചിമ ബംഗാളിനെ കിം ജോങ് ഉന്നിന്റെ സാമ്രാജ്യമാക്കിത്തീര്ക്കുകയാണ് മമതാഭരണമെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിലെ ഒരു സാധാരണക്കാരന്റെയും പിന്തുണ മമതയ്ക്കില്ല. അധികാരത്തിന്റെ ബലത്തില്‍ സ്വേച്ഛാധിപത്യം നടപ്പാക്കുകയാണ് അവര്‍ ചെയ്യുന്നത്. പോലീസ് അവരുടെ പിണിയാളുകളായി എന്തും ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. അത് പോലീസിന് ഭാവിയില്‍ നല്ലതായിരിക്കില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു.
കൊല്‍ക്കത്താ നഗരത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഒരു മാര്‍ച്ചിന് സുവേന്ദു അധികാരിയും രണ്ടാമത്തെ മാര്‍ച്ചിന് പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റ് ദിലീപ് ഘോഷും നേതൃത്വം നല്കി. പൊതുജനരോഷത്തെ ഭയന്നാണ് മമതാ സര്‍ക്കാര്‍ അക്രമം അഴിച്ചുവിടുന്നതെന്ന് ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് നീക്കം. ജനങ്ങളുടെ പണവും തൊഴിലും സ്വസ്ഥതയും കവര്‍ന്ന സര്‍ക്കാരാണ് മമതയുടേതെന്നും അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: