തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസില്‍ മുന്‍ എംഎല്‍എയും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള ആറു പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകണം. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ സാധ്യത. കുറ്റം ചുമത്തലിന് ആറു പ്രതികളും ഹാജരാകാനുള്ള വിചാരണ കോടതിയുടെ ജൂലൈ 27 ലെ അന്ത്യശാസനം ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ആറു പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍. രേഖയാണ് പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയത്. വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലായിരുന്നു വിചാരണ കോടതിയുത്തരവ്.
കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പിന്‍വലിക്കല്‍ ഹര്‍ജി തള്ളി പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവ് പുറപ്പെടുവിച്ച മുന്‍ സിജെഎമ്മും നിലവില്‍ പോക്‌സോ കോടതി ജഡ്ജിയുമായ ആര്‍. ജയകൃഷ്ണന്‍ 2020 സപ്തംബര്‍ 22 ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.
2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം. അന്ന് എംഎല്‍എമാരായിരുന്ന കെ. അജിത്, കുഞ്ഞമ്പു, ഇ.പി. ജയരാജന്‍, സി.കെ. സദാശിവന്‍, വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍ എന്നിവരാണ് നിയമസഭയില്‍ സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: