ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍
കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന്റെ വ്യക്തമായ കാഹളധ്വനി മുഴക്കിയത് ശ്രീചട്ടമ്പിസ്വാമി തിരുവടികളാണ്. അഹിംസാത്മകമായ വിപ്ലവം എങ്ങനെ നടത്താം എന്നു കാണിച്ചുതരുകയാണ് അദ്ദേഹം ചെയ്തത്. സംഘമോ സംഘടനയോ സ്ഥാപനമോ പ്രസ്ഥാനമോ യാതൊന്നും കൂടാതെ സാധിച്ചതാണ് ചട്ടമ്പിസ്വാമികളുടെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍.
കൊല്ലവര്‍ഷം 1029 ചിങ്ങം 11 (എ.ഡി. 1853 ആഗസ്റ്റ് 25)-ന് ഭരണിനാളില്‍ തിരുവനന്തപുരം കണ്ണമ്മൂല ഉള്ളൂര്‍ക്കോണത്തു വീട്ടിലാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ ജനിച്ചത്. അമ്മ നങ്ങമ്മപ്പിള്ളയും അച്ഛന്‍ വാസുദേവശര്‍മ്മയും. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം സ്‌കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും, ആരും കൈവരിക്കാത്ത വിദ്യകള്‍വരെ അദ്ദേഹം പിന്നീടു സ്വായത്തമാക്കി. മറവി തീര്‍ക്കലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സകല അറിവും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. കഠിനവും നിരന്തരവുമായ പരിശ്രമങ്ങളിലൂടെ അദ്ദേഹം അവയെ ജ്വലിപ്പിച്ചു. അതിന്റെ ഫലമായി ചട്ടമ്പിസ്വാമികള്‍ വിദ്യാധിരാജന്‍ എന്നു പ്രിസിദ്ധനായി.
ജാതീയമായ വേര്‍തിരിവുകള്‍ അതിശക്തമായിരുന്ന കാലത്തു ജീവിച്ച ചട്ടമ്പിസ്വാമികള്‍ അവയെയൊന്നും വകവച്ചില്ല. ജ്ഞാനം സമ്പാദിക്കുന്നതിനും പകര്‍ന്നു നല്‍കുന്നതിനും വേണ്ടി ബന്ധപ്പെടുന്ന വ്യക്തിയുടെ ജാതി ഒരിക്കലും അദ്ദേഹത്തിന്റെ പരിഗണനാവിഷയമായിരുന്നില്ല. ചാന്നാര്‍ (നാടാര്‍) സമുദായത്തില്‍പ്പിറന്ന കുമാരവേലു എന്ന ആത്മാനന്ദസ്വാമികള്‍ക്ക് അദ്ദേഹം ശിഷ്യപ്പെട്ടത് തികഞ്ഞ ഭയഭക്തിബഹുമാനങ്ങളോടെതന്നെ. ജ്ഞാനലാഭത്തിനായി അണിയൂര്‍ ക്ഷേത്രപരിസരത്തുവച്ചു തന്നെ സമീപിച്ച നാണുവാശാനെ (പില്‍ക്കാലത്തു ശ്രീനാരായണഗുരുദേവന്‍) സന്തതസഹചാരിയായി സ്വീകരിക്കാനും അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആ ബന്ധം മയങ്ങിക്കിടന്ന സ്വന്തം സമൂദായത്തെ ഉണര്‍ത്തി കേരള സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ ശ്രീനാരായണഗുരുവിനെ സഹായിച്ചു. ഇതുപോലെ ഇവിടത്തെ സകല ഹിന്ദുവിഭാഗങ്ങളുടെയും സാമുദായികവും ആദ്ധ്യാത്മികവുമായ നവോത്ഥാനശ്രമത്തിനു നേതൃത്വം നല്‍കിയ ആചാര്യന്മാരെല്ലാംസ്വാമികളുടെ മാര്‍ഗ്ഗദര്‍ശിത്വം അംഗീകരിച്ചവരാണ്.
അദ്ദേഹം എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളുടെയും സ്വന്തമായിരുന്നു. ഇസ്ലാംമതത്തിന്റെയും ക്രിസ്തുമതത്തിന്റെയുമുള്‍പ്പെടെ മിക്ക വിശ്വാസപ്രമാണങ്ങളെയും സൂക്ഷ്മമായി ഗ്രഹിച്ച ആ യതീശ്വരനെ ഇതരമതസ്ഥരും അങ്ങേയറ്റം ബഹുമാനിക്കുകയാണു ചെയ്തത്. സര്‍വ്വജനങ്ങള്‍ക്കും ചട്ടമ്പിസ്വാമികള്‍ സ്വന്തം ആളായിത്തോന്നിയെങ്കിലും അദ്ദേഹം ആരുടെയെങ്കിലും മാത്രമായി പരിമിതപ്പെട്ടില്ല. താന്‍ പിറന്ന സമുദായത്തിന്റെ ആചാര്യനാക്കാന്‍ ശ്രമമുണ്ടായപ്പോഴും, ചങ്ങനാശ്ശേരിയില്‍ സ്വാമികള്‍ക്കു വിശ്രമിക്കാന്‍ മന്നത്തുപത്മനാഭന്‍ മഠം നിര്‍മ്മിക്കാനാരംഭിച്ചപ്പോഴുമെല്ലാം അദ്ദേഹം തികഞ്ഞ നിസ്സംഗത പുലര്‍ത്തുകയാണുണ്ടായത്. “കിഴവനെ വെറുതെ വിട്ടേക്കൂ’ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനാല്‍ ചട്ടമ്പിസ്വാമികള്‍ വിതച്ച ആദ്ധ്യാത്മികബീജത്തിന്റെ സത്ഫലങ്ങള്‍ ഇന്ന് സകലവിഭാഗം ജനതകള്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നു. “വ്യാസനും ശങ്കരനും കൂടിച്ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി-മൂലവും ഭാഷ്യവും കൂടിച്ചേര്‍ന്നതാണല്ലോ-സ്വാമിക്കറിയാന്‍ പാടില്ലാത്ത ഒന്നുമില്ലായിരുന്നല്ലോ. അവിടുന്ന് എല്ലാമറിഞ്ഞിരിക്കുന്നു’ എന്നു ശ്രീനാരായണഗുരുദേവന്‍ അഭിപ്രായപ്പെട്ടത് ചട്ടമ്പിസ്വാമികളുടെ പരിപൂര്‍ണ്ണത മനസ്സിലാക്കിയിട്ടുതന്നെയാണ്.
അസാധാരണമായ ഗ്രഹണശക്തിയുടെ ഉടമയായിരുന്നു വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന അദ്ദേഹം ലോര്‍ഡ് ടെന്നിസന്റെ കവിത ഒറ്റക്കേള്‍വിക്കുശേഷം ക്രമമായി പറഞ്ഞതിനെപ്പറ്റി പ–ുത്തേഴത്തു നാരായണ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുമാരനാശാനോടു വളരെ വാത്സല്യമായിരുന്നു ചട്ടമ്പിസ്വാമികള്‍ക്ക്. ആശാന്റെ കരുണ വായിച്ചുകേട്ടതില്‍പ്പിന്നീട് സ്വാമികള്‍ അതു മുഴുവന്‍ ചൊല്ലിക്കേള്‍പ്പിച്ച സംഭവത്തിനു സാക്ഷിയായിരുന്നു ഏറത്തു കൃഷ്ണനാശാന്‍.
സ്വാമികള്‍ക്ക് സമസൃഷ്ടിജാലങ്ങളോടുണ്ടായിരുന്ന അപാരമായ ജീവകാരുണ്യം വിസ്മയനീയമാണ്. ഉറുമ്പു മുതല്‍ കടുവവരെയുള്ള എത്രയോ ജീവികളില്‍ കാരുണ്യം പൊഴിച്ചിട്ടുണ്ട്് ആ മഹാനുഭാവന്‍. വീട്ടുകാര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന എലിയെ വിളിച്ചുവരുത്തി ശാസിച്ചതും ഉദ്യോഗസ്ഥപ്രമുഖന്റെ വീട്ടില്‍ പട്ടിസദ്യനടത്തിയതും, തന്നെ കടിച്ച പാമ്പിനെ തലോടിയനുഗ്രഹിച്ചതും വണ്ടിക്കാളയായിപ്പിറന്ന മുന്‍പരിചയക്കാരനെ സമാശ്വസിപ്പിച്ചതും കടുവയുടെ വായില്‍നിന്നു പശുവിനെ രക്ഷിച്ചതും മറ്റുമായി അനവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യത്തിനു നിദര്‍ശനമായുണ്ട്.
സ്വാമികളെങ്ങനെയാണു മറ്റു ജീവികളുടെ വികാരവിചാരങ്ങള്‍ മനസ്സിലാക്കുന്നതെന്നു ചോദിച്ചയാളിനദ്ദേഹം നല്‍കിയ മറുപടിയിതായിരുന്നു: “അവ നമ്മില്‍നിന്നും ഭിന്നമല്ല. അവയുടെ മനസ്സും നമ്മുടെ മനസ്സും അഭിന്നമാണ്. പ്രപഞ്ചമൊന്നാകെ ഒരൊറ്റ മനസ്സാണ്. മനസ്സിനും മനസ്സിനുമിടയ്‌ക്ക് ശൂന്യാന്തരീക്ഷമില്ല.’ ചിത്രമെഴുത്തു കെ.എം. വര്‍ഗീസ് “കണ്‍മുന്നില്‍ കാണുന്ന ചട്ടമ്പിസ്വാമി തിരുവടികള്‍’ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചതാണ് സ്വാമിയുടെ ഈ മറുപടി. നോക്കുക, അഖണ്ഡബോധം എന്നു വേദാന്തികള്‍ വ്യവഹരിക്കുന്ന ഉണ്മയുടെ അനുഭവസാക്ഷാത്ക്കാരം തന്നെയല്ലേ ചട്ടമ്പിസ്വാമികളുടെ ഈ വാക്കുകള്‍?
വേദാധികാരനിരൂപണം, അദൈ്വതചിന്താപദ്ധതി, ജീവകാരുണ്യനിരൂപണം, ചിദാകാശലയം, അദൈ്വതപഞ്ജരം, ശ്രീചക്രപൂജാകല്പം, നിജാനന്ദവിലാസം, ബ്രഹ്മതത്ത്വനിര്‍ഭാസം, ക്രിസ്തുമതഛേദനം, മോക്ഷപ്രദീപഖണ്ഡനം, ആദിഭാഷ, പ്രാചീനമലയാളം, ദേശനാമങ്ങള്‍ തുടങ്ങിയ ഒട്ടേറെ കൃതികള്‍ ചട്ടമ്പിസ്വാമികളുടേതായിട്ടുണ്ട്. ഇവയില്‍ പലതും അപൂര്‍ണ്ണങ്ങളോ അലഭ്യങ്ങളോ ആണ് ഇന്നും. എഴുതിയ കടലാസ് ഇരുന്നിടത്തുതന്നെ ഇട്ടിട്ടുപോകുന്നതായിരുന്നു സ്വാമികളുടെ ശീലം. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൃതികള്‍ പലതും കൃത്യമായി സമാഹരിക്കപ്പെടാതെപോയി.
എഴുപതുവര്‍ഷം നീണ്ട ജീവിതലീലകള്‍ അവസാനിപ്പിച്ച് ആ യോഗിവര്യന്‍ 1099 മേടം 23 (1924 മേയ് 5)-ന് മഹാസമാധി പ്രാപിച്ചു. എങ്കിലും അദ്ദേഹം പ്രസരിപ്പിച്ച ഊര്‍ജ്ജത്തിന്റെ തരംഗശക്തി ഇപ്പോഴും നിലനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: